ഷാരൂഖ് ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തിലൂടെ റോഷന്‍ മാത്യു വീണ്ടും ബോളിവുഡിലേക്ക്‌

നടൻ റോഷൻ മാത്യു വീണ്ടും ബോളിവുഡിലേക്ക്. ‘ഡാര്‍ലിംഗ്‍സ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സാക്ഷാല്‍ ഷാരൂഖ് ഖാന്‍ ആണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അലിയ ഭട്ട് ആണ് നായിക. അമ്മ-മകള്‍ ബന്ധത്തിലൂന്നിയ കഥ പറയുന്ന ചിത്രത്തില്‍ മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു. വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.

ചീഫ് അസോസിയേറ്റ് ഡയറക്ടറും തിരക്കഥാകൃത്തുമായ ജസ്‍മീത് കെ റീന്‍ ആണ് ‘ഡാര്‍ലിംഗ്‍സ്’ സംവിധാനം ചെയ്യുന്നത്. ജസ്‍മീതിന്‍റെ സംവിധായക അരങ്ങേറ്റചിത്രമാണിത്. ഫോഴ്സ് 2, ഫാനി ഖാന്‍, പതി പത്നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ജസ്‍മീത്. മുംബൈയിലെ മധ്യവര്‍ഗ്ഗജീവിത പശ്ചാത്തലത്തിലാവും ചിത്രം. ‘ചോക്ക്ഡ്’ എന്ന അനുരാഗ് കശ്യപ് സിനിമയിലൂടെയായിരുന്നു റോഷന്റെ ബോളിവുഡ് അരങ്ങേറ്റം.