കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കുന്നു


കൊച്ചി: 
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അംഗത്വമുള്ള വെര്‍ട്ടീല്‍ ടെക്നോളജീസില്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നിക്ഷേപം നടത്തി. യാത്രാ സംബന്ധിയായ സാങ്കേതിക ഉത്പന്നങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് വെര്‍ട്ടീല്‍ ടെക്നോളജീസ്.
വ്യോമയാന രംഗത്തെ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപബിലിറ്റി(എന്‍ഡിസി) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയൊരുക്കിയിട്ടുള്ള വില്‍പന സോഫ്റ്റ്വെയറാണ് വെര്‍ട്ടീല്‍ ടെക്നോളജിയുടെ ഉത്പന്നം. ജെറിന്‍ ജോസ്, സതീഷ് സത്ചിത് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ഈ കമ്പനിയുടെ സേവനങ്ങള്‍ ഇന്ന് എമറൈറ്റ്സ്, എതിഹാദ്, ലുഫ്താന്‍സ, ബ്രിട്ടീഷ് എയര്‍വേസ് തുടങ്ങി 26 പ്രമുഖ വ്യോമയാന കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയ്ക്ക് ടോക്കിയോയിലും ഓഫീസുണ്ട്. അമേരിക്ക, യുകെ, ഗള്‍ഫ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങിളിലും വെര്‍ട്ടീലിന്‍റെ സാന്നിദ്ധ്യമുണ്ട്.
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ എമരിറ്റസായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ആദ്യമായാണ് ഒരു സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്‍വസ്റ്റര്‍ കഫെയിലടക്കം സ്ഥിരമായി പങ്കെടുത്തിരുന്ന കമ്പനിയാണ് വെര്‍ട്ടീല്‍ ടെക്നോളജീസ്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍റെ പിന്തുണയും ഇവര്‍ക്കുണ്ട്.
പുതിയ നിക്ഷേപം ഉപയോഗിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ നിലവിലുള്ള സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ ശ്രമമെന്ന് സിഇഒ ജെറിന്‍ ജോസ് പറഞ്ഞു.  കൂടുതല്‍ വിമാനക്കമ്പനികളിലേക്ക് ഈ സേവനം എത്തിക്കാനും ശ്രമിക്കുന്നു. കൊവിഡ് പ്രതിസന്ധി തരണം ചെയ്തും ഈ ഉത്പന്നത്തിന് ആവശ്യക്കാരേറി വരികയാണ്. ദശാബ്ദങ്ങള്‍ക്കിടയിലെ വ്യോമയാന രംഗത്തെ ഏറ്റവും വലിയ മാറ്റത്തിനാണ് ഇപ്പോള്‍ കാതോര്‍ക്കുന്നത്. ടിക്കറ്റ് വില്‍പ്പന രംഗത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് വെര്‍ട്ടീലിന്‍റെ ഉത്പന്നം സഹായിക്കുന്നതെന്നും ജെറിന്‍ പറഞ്ഞു.
ലോകോത്തരമായ സോഫ്റ്റ് വെയര്‍ ഉത്പന്നമാണ് വെര്‍ട്ടീല്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. മികവുള്ളവര്‍ക്കു മാത്രം എത്തിപ്പെടാവുന്ന മേഖലയാണ് വ്യോമയാനം. ലോകത്തെ തന്നെ പ്രമുഖ വിമാനക്കമ്പനികള്‍ ഈ സോഫ്റ്റ വെയര്‍ ഉത്പന്നം ഉപയോഗിക്കുന്നുവെന്നത് തന്നെ ഇവരുടെ മികവിന്‍റെ ഉദാഹരണമാണ്. കേരളത്തിലെ സംരംഭകരുടെ മികവ് എടുത്തു പറയേണ്ടതാണ്. ഇവരെപ്പോലെ ഇനിയും സംരംഭങ്ങള്‍ ഉയര്‍ന്നു വരുമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു.