കെഎസ് യുഎം – ഹിറ്റാച്ചി ഇന്ത്യ ഇന്നൊവേഷന്‍ ചലഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം


തിരുവനന്തപുരം:
 ഹിറ്റാച്ചി ഇന്ത്യയുടെ ഗവേഷണ വികസന വിഭാഗം കണ്ടെത്തിയ സാങ്കേതിക വെല്ലുവിളികള്‍ക്ക് അനുയോജ്യ ഡിജിറ്റല്‍ പ്രതിവിധികള്‍ തേടി രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഹിറ്റാച്ചി ഇന്ത്യ റിസര്‍ച്ച് ഡവലപ്മെന്‍റ് സെന്‍ററുമായി സഹകരിച്ച് നടത്തുന്ന ഇന്നൊവേഷന്‍ ചലഞ്ചിലേക്ക് ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം.  
ചെറുകിട ഇടത്തരം ബിസിനസുകള്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ചലഞ്ചിന് ആപ്പത്തോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രവര്‍ത്തന മൂലധന പരിപാലനത്തിലെ ഡിജിറ്റല്‍ പരിഹാരവും ചെറുകിട വ്യാപാരികള്‍ക്ക് ഡിജിറ്റല്‍വത്ക്കരണത്തിനുള്ള പിന്തുണയും അന്തിമ  ഉപയോക്താവിന് മെച്ചപ്പെട്ട ഡിജിറ്റല്‍ പ്രതിവിധിയും കണ്ടെത്തുകയാണ് ലക്ഷ്യം.
ഒന്നാം സ്ഥാനം നേടുന്ന സ്റ്റാര്‍ട്ടപ്പിന് 20 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന സ്റ്റാര്‍ട്ടപ്പിന് 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന സ്റ്റാര്‍ട്ടപ്പിന് 5 ലക്ഷം രൂപയും ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി  https://business.startupmission.in/hitachi  എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28.