കൊവിഡിന്‍റെ വിവിധ വകഭേദങ്ങള്‍ക്ക്ഇന്ത്യന്‍ വാക്സീന്‍ ഫലപ്രദം: ഐസിഎംആര്‍


തിരുവനന്തപുരം: കൊവിഡിന്‍റെ വിവിധ വകഭേദങ്ങള്‍ക്ക് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സീന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കേരളഹെല്‍ത്ത് ഓണ്‍ലൈന്‍ സമ്മേളനത്തില്‍ വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് 19 മഹാമാരി; ആരോഗ്യവകുപ്പിന്‍റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ്  എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഡോ. ഭാര്‍ഗവ ഇക്കാര്യം അറിയിച്ചത്. കൊവിഡിന്‍റെ യുകെ വകഭേദത്തിന്‍റെ 187 സാംപിളുകള്‍ ശേഖരിച്ച് അതില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. കൊവാക്സിന് ഈ വൈറസിനെതിരെയും പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന് വ്യക്തമായിട്ടുണ്ട്. ബയോറെക്സി മെഡിക്കല്‍ ജേണലില്‍ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ കൊവിഡ് വകഭേദത്തിന്‍റെ വാക്സിനിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഈ രണ്ട് വകഭേദത്തിന്‍റെയും വൈറസിനെ കള്‍ച്ചര്‍ ചെയ്യുന്ന നടപടികളും രാജ്യത്തെ ലാബുകളില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വൈറസിനെ കള്‍ച്ചര്‍ ചെയ്ത് വേര്‍തിരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്സീനിന്‍റെ മൂന്നാമത്തെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. 25,800 പേരാണ് പരീക്ഷണത്തിനായി മുന്നോട്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനമുള്ള 741 ജില്ലകളില്‍ 659 എണ്ണത്തിലും ഇന്ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ലാബ് സൗകര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവാസവ്യവസ്ഥയിലും, പരിസ്ഥിതിയും വന്ന മാറ്റങ്ങള്‍, ദ്രുതഗതിയിലുള്ള നഗരവത്കരണം, പൊതുജനാരോഗ്യ പരിപാലത്തില്‍ വന്ന അലംഭാവം, എന്നിവയെല്ലാം ഇത്തരം മഹാമാരികള്‍ക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ തന്നെ വിജയഗാഥയാണ്. മഹാമാരിയ്ക്കെതിരായി കേരളം മാതൃകാപരമായ പ്രതിരോധമാണ് തീര്‍ത്തതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ലോകത്തിലെ പല വികസിതരാജ്യങ്ങളും സമൂഹ പ്രതിരോധശേഷിയെന്ന നയത്തിലേക്ക് പോയപ്പോള്‍ ഇന്ത്യ അതിനെതിരായി നിന്നു. 2020 ജനുവരി 30 ന് കൊവിഡ് പരിശോധനയ്ക്ക് ഒരു ലാബ് മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 2376 ലാബുകളായി ഉയര്‍ന്നു. 17000 രൂപയുണ്ടായിരുന്ന കൊവിഡ് പരിശോധന ഇന്ന് 135 രൂപയാണെന്നും ഡോ. ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 17 ആരംഭിച്ച കേരളഹെല്‍ത്ത് വെബിനാറില്‍ ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള അഞ്ച് പ്രധാന വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. അടുത്ത വിഷയങ്ങളിലെ ചര്‍ച്ച ഫെബ്രുവരി 24, 25, മാര്‍ച്ച് 4 എന്നീ തിയതികളില്‍ വൈകീട്ട് അഞ്ച് മുതലാണ് നടക്കുന്നത്. www.keralahealthconference.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വെബിനാറില്‍ പങ്കെടുക്കാവുന്നതാണ്.