ചരിത്ര നേട്ടത്തിന് ശേഷം തിരുത്തല്‍; സെന്‍സെക്‌സ് മൂല്യം 1.82 ലക്ഷം രൂപ കുറഞ്ഞു

മുംബൈ: റെക്കോര്‍ഡുകള്‍ പിന്നിട്ട സെന്‍സെക്‌സിന് വില്‍പ്പന സമ്മര്‍ദ്ദം കാരണം ഈ വാരം പിടിച്ചുനില്‍ക്കാനായില്ല. സെന്‍സെക്‌സിന് നഷ്ടം 1265 പോയിന്റ്. ഫെബ്രുവരി 15ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 52154 പോയിന്റിലാണ് ബി.എസ്.ഇ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആഴ്ചയുടെ അവസാനം 50889 പോയിന്റിലെത്തി.
333 പോയിന്റ് ഇടിഞ്ഞു എന്‍.എസ്.ഇയും. ഫെബ്രുവരി 15ന് 15314 ആയിരുന്ന നിഫ്റ്റി ഇന്ന് 14981 പോയിന്റിലെത്തി.
ഓഹരിവിപണിയില്‍ ഫെബ്രുവരി 16നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. 52516. അതായത് ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 1627 പോയിന്റ് നഷ്ടമാണ് ഈ ആഴ്ചയുണ്ടായത്.
ബജറ്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഓഹരിവിപണിയില്‍ വന്‍ കയറ്റമായിരുന്നു. സെന്‍സെക്‌സ് 6231 പോയിന്റും നിഫ്റ്റി 1797 പോയിന്റും ഉയര്‍ന്നു. 1.82 ലക്ഷം കോടി രൂപയാണ് ഈ ആഴ്ച്ചയില്‍ ആകെ ഓഹരിവിപണിക്കുണ്ടായ നഷ്ടം. മൊത്തം മൂല്യമായ 205.80 ലക്ഷം കോടിയില്‍ നിന്ന് 203.98 ലക്ഷം കോടിയിലേക്ക് ബി.എസ്.ഇ മൂല്യം ഇടിഞ്ഞു.
ഇന്നും ഓഹരിവിപണിയിലുണ്ടായ നഷ്ടം വലുതാണ്. സെന്‍സെക്‌സ് 435 പോയിന്റ് താഴ്ന്ന് 50889ലും നിഫ്റ്റി 137 പോയിന്റ് താഴ്ന്ന് 14981ലുമാണ് അവസാനിച്ചത്.
ഒ.എന്‍.ജി.സി, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി, എം.ആന്‍ഡ്എം എന്നിവയെല്ലാം വിപണിയില്‍ വിലയിടിഞ്ഞു.
പിടിച്ചു നില്‍ക്കാനായത് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എച്ച്.യു.എല്‍, ഡോ. റെഡ്ഡിസ്, എന്‍.ടി.പി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നേട്ടം നിലനിര്‍ത്തിയ ഓഹരികള്‍.