നാല് അതിഥി മന്ദിരങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മുപ്പത്തിയേഴരക്കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടൂറിസം ഭവന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു. 22 കോടി രൂപ ചെലവിലുള്ള തൈക്കാട് അതിഥി മന്ദിര നവീകരണത്തിന്‍റേയും പുതിയ ബ്ലോക്കിന്‍റെ നിര്‍മ്മാണത്തിന്‍റേയും  ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

എറണാകുളം, കൊല്ലം, കണ്ണൂര്‍, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. അതിഥിമന്ദിരങ്ങളുടേയും യാത്രി നിവാസുകളുടേയും ഗുണമേന്‍മയും സേവനവും പരിശോധിച്ച് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന നിലയില്‍ എന്‍എബിസിബിയാണ് ഐഎസ്ഒ അംഗീകാരം നല്‍കുന്നത്.  
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ക്കും ഈ വര്‍ഷം മാര്‍ച്ച് 15 നകം ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി ഗസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളും സേവന ഗുണമേന്‍മയും ലോകോത്തര നിലവാരത്തിനനുസൃതമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന് ആവശ്യമായ ഔപചാരികതകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അന്തിമ ഓഡിറ്റ് ടീമുകളുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം ഓഫീസുകള്‍,  ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്- ജില്ലാ ഓഫീസ്,  കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ചര്‍ ഓഫീസുകള്‍,  ഇക്കോ ടൂറിസം ഡയറക്ടറേറ്റ്, തെന്‍മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി എന്നിവയും മറ്റ് ഏജന്‍സികളും ഇവിടെ പ്രവര്‍ത്തിക്കും.

തൈക്കാട് അതിഥി മന്ദിരത്തിന്‍റെ നവീകരണത്തില്‍ ലോകോത്തര നിലവാരത്തിലുള്ള മുറികളുടെ നിര്‍മ്മാണം, അത്യാധുനിക ഇലക്ട്രിക്, ലൈറ്റിംഗ്, ഇന്‍റീരിയര്‍ ഡിസൈന്‍,  ലാന്‍ഡ്സ്കേപ്പിംഗ്, എയര്‍കണ്ടീഷനിംഗ് സജ്ജീകരണങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബ്ലോക്കില്‍ 43 മുറികളാണ് നിര്‍മ്മിക്കുക.

വിഎസ് ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ച  ചടങ്ങില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐഎഎസ്  സ്വാഗതം പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെടിഐഎല്‍ സിഎംഡി കെജി മോഹന്‍ലാല്‍,  ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ടി ആര്‍ ജയപാല്‍, വാര്‍ഡ്  കൗണ്‍സിലര്‍ മാധവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ടൂറിസം ഹോസ്പിറ്റാലിറ്റി വിഭാഗം അഡിഷണല്‍ ഡയറക്ടര്‍ എം രഘുദാസന്‍ നന്ദി പറഞ്ഞു.