സ്കോഡ കുഷാഖ് എസ്‌യുവി അടുത്ത മാസം 18ന്

മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലെ സ്കോഡ പുത്തന്‍ എസ്‌യുവി കുഷാഖുമായി ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം 18ന് കുഷാഖിന്‍്റെ അവതരണം നടക്കും എന്ന് സ്കോഡ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍ നടന്ന ഫോക്സ്‌വാഗണ്‍ ഗ്രൂപ്പ് നൈറ്റില്‍ സ്കോഡ അവതരിപ്പിച്ച വിഷന്‍ ഇന്‍ (Vision IN) കോണ്‍സെപ്റ്റ് അടിസ്ഥാനപ്പെടുത്തിയ എസ്‌യുവിയാണ് കുഷാഖ്.

ജനുവരിയിലാണ് സ്കോഡ പുതിയ എസ്‌യുവിയ്ക്ക് കുഷാഖ് എന്ന് പേര് ഉറപ്പിച്ചത്. കോസ്മിക്ക്, ക്ലിക്ക് എന്നീ പേരുകളാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ ഇന്ത്യയ്ക്കായുള്ള എസ്‌യുവിയ്ക്ക് ഒരു ഇന്ത്യന്‍ തനിമയുള്ള പേര് നല്‍കണമെന്ന് സ്കോഡ തീരുമാനിച്ചു. സംസ്കൃതത്തിലെ കുഷാക് എന്ന വാക്കാണ് ഈ പേരിന് ആധാരം, അര്‍ഥം രാജാവ്, ചക്രവര്‍ത്തി എന്നൊക്കെ. കാമിക്ക്, കോഡിയാക്ക്, കാറോക്ക് എന്നിങ്ങനെ സ്കോഡയുടെ എസ്‌യുവി മോഡലുകളുമായി യോജിച്ചു പോകുന്ന വിധമുള്ള പേരാണ് കുഷാഖ്.

സ്കോഡ കുഷാഖ് രണ്ട് ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളുമായാണ് വിപണിയിലെത്തുക. 110 എച്ച്‌പി പവര്‍ നിര്‍മ്മിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനായിരിക്കും വിലക്കുറവുള്ള മോഡലുകളിലെ കരുത്ത്. സ്കോഡ റാപിഡിലുള്ള അതെ എന്‍ജിനാണിത്. ഈ എന്‍ജിന്‍ മാന്വല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭ്യമാവും. 150 എച്ച്‌പി പവര്‍ നിര്‍മിക്കുന്ന, 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ആവും വിലക്കൂടുതലുള്ള വേരിയന്റുകളില്‍ എന്നാണ് വിവരം. 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഈ എന്‍ജിനൊപ്പമുള്ള ഗിയര്‍ബോക്‌സ്. റിപ്പോര്‍ട്ട് പ്രകാരം ഫോക്സ്‌വാഗണ്‍ ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിലക്കുറവുള്ള MQB A0-IN പ്ലാറ്റഫോമില്‍ നിര്‍മിക്കുന്ന ആദ്യ വാഹനമാണ് കുഷാഖ്.