സൗദിയില്‍ പുതിയ എയര്‍പ്പോര്‍ട്ട്; ചെലവ്‌ 738 കോടി രൂപ

അറാര്‍: സൗദി അറാറിലെ പുതിയ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ഗവര്‍ണര്‍ ആയ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പുതിയ വിമാനത്താവളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഗതാഗത മന്ത്രിയും ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ചടങ്ങിലെത്തി. ഓൺലൈൻ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിച്ചത്. പ്രവിശ്യയുടെ സാമ്പത്തിക വികസനത്തില്‍ പുതിയ വിമാനത്താവളം വലിയ പങ്ക് വഹിക്കുമെന്നാണ് രാജ്യത്തിന്‍റെ പ്രതീക്ഷ.

ഒരേ സമയം നാല് വിമാനങ്ങള്‍ക്ക് സേവനം നല്‍കുന്ന, ആഗമന, നിര്‍ഗമന യാത്രക്കാര്‍ക്കുള്ള ആറു ഗെയ്റ്റുകള്‍, യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പത്തു എയര്‍ലൈന്‍സ് കൗണ്ടറുകൾ, 12 ജവാസാത്ത് കൗണ്ടറുകളും വിമാനത്താവളത്തിലുണ്ട്. 14,990 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രധാന ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. 616 വാഹനങ്ങൾക്കിവിടെ പാർക്ക് ചെയ്യാം. ആദ്യ ഘട്ടത്തിൽ റിയാദിൽ നിന്നാണ് സർവീസുകൾ. പിന്നാലെ കൂടുതൽ സർവീസുകളുണ്ടാകും. പത്ത് ചെക്ക്-ഇൻ കൗണ്ടറുകളും വിമാനത്താവളത്തിലുണ്ട്. മേഖലയിലെ പ്രവാസി സമൂഹത്തിനും പുതിയ എയർപോർട്ട് തുണയാകും

വര്‍ഷം പത്തു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് വന്നുപോകാന്‍ വിമാനത്താവളം അവസരമൊരുക്കും.
382 മില്യന്‍ സൗദി റിയാലാ(738 കോടി രൂപ)ണ് നിര്‍മാണചെലവ്. ഒരുവര്‍ഷം 10000 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും.