മുഴുപ്പിലങ്ങാട്, ധര്‍മടം ബീച്ച്-ദ്വീപ് ടൂറിസം ശൃംഖല; 52.54 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിക്ക് തുടക്കമാകുന്നു


കണ്ണൂര്‍: രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ കണ്ണൂരിന്‍റെ സ്ഥാനം ഉറപ്പിക്കുന്ന തരത്തില്‍ മുഴുപ്പിലങ്ങാട്-ധര്‍മടം ബീച്ചുകള്‍, ധര്‍മടം ദ്വീപ് എന്നിവയെ സംയോജിപ്പിച്ച് നടപ്പാക്കുന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടത്തിന് കേരള ടൂറിസം തുടക്കമിടുന്നു.  

 കണ്ണൂരിനെ കേന്ദ്രബിന്ദുവാക്കി ഉത്തരമലബാറിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  233.72 കോടി രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതിയിലെ  52.54 കോടി രൂപയുടെ ആദ്യഘട്ടത്തിനാണ് തുടക്കമാകുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ഡ്രൈവ്-ഇന്‍ ബീച്ചുകളിലൊന്നായ മുഴുപ്പിലങ്ങാട് ബീച്ച്,  പ്രകൃതിസൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന ധര്‍മടം ബീച്ച്, അഞ്ചരക്കണ്ടി, തലശേരി നദികള്‍ അറബിക്കടലില്‍ സംഗമിക്കുന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ധര്‍മടം ദ്വീപ്  എന്നിവയുടെ വികസനമാണ് ഈ ഘട്ടത്തിലുള്ളത്. മുഴുപ്പിലങ്ങാട് ബീച്ച്, ധര്‍മടം ദ്വീപ്, ധര്‍മടം ബിച്ച് എന്നിങ്ങനെ മൂന്നായി തിരിച്ചുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്.

 കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കഷ്ടിച്ച് 27 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തെത്താന്‍  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് അര മണിക്കൂര്‍ മാത്രം മതി. അതിമനോഹരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്‍ഡ്പൈപ്പര്‍, കാസ്പിയന്‍ പ്ലോവര്‍ തുടങ്ങിയവയടക്കം മുപ്പതോളം ഇനം ദേശാടനപക്ഷികള്‍ പ്രതിവര്‍ഷം മുഴുപ്പിലങ്ങാട്ട് എത്തുന്നുണ്ട്. പ്രമുഖ ബുദ്ധമതകേന്ദം കൂടിയാണ് ധര്‍മടം. 
വിനോദസഞ്ചാരത്തിന്‍റെ അനന്ത സാധ്യതകള്‍ ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന കമനീയമായ ഈ പ്രദേശത്തിന്‍റെ വികസനം നടപ്പിലായാല്‍ അസംഖ്യം സന്ദര്‍ശകരായിരിക്കും എത്തുകയെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
വികസനം പൂര്‍ണമാകുമ്പോള്‍ കേരള ടൂറിസത്തിന്‍റെ കണക്കനുസരിച്ചുതന്നെ പ്രതിവര്‍ഷം ഇരുപതു ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെയെത്തും. ഇതര ബിസിനസ്-വ്യവസായ സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന ഈ പദ്ധതിയിലൂടെ പ്രദേശത്തിന്‍റെ വികസനം ഉറപ്പാകുമെന്നു മാത്രമല്ല, സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 
പരസ്പര ബന്ധമില്ലാതെ  കിടക്കുന്ന ഈ പ്രദേശങ്ങളെ രണ്ട് നടപ്പാലങ്ങളിലൂടെ ബന്ധിപ്പിക്കുമെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു.  പരസ്പര ബന്ധമില്ലാത്തതുകൊണ്ട് സന്ദര്‍ശകര്‍ക്ക് പലപ്പോഴും മൂന്നു സ്ഥലങ്ങളും കാണാന്‍ കഴിയാറില്ലായിരുന്നു.  വേലിയേറ്റമുള്ളപ്പോള്‍ ധര്‍മടം ദ്വീപിലെത്താനുമാവില്ല. ഈ ന്യൂനതകള്‍ നടപ്പാലങ്ങളിലൂടെ പരിഹരിക്കാം. ആദ്യ നടപ്പാലം മുഴുപ്പിലങ്ങാട്, ധര്‍മടം ബീച്ചുകളെ ബന്ധിപ്പിക്കും. ധര്‍മടം ബീച്ചിനെയും ധര്‍മടം ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും രണ്ടാമത്തെ പാലം നിര്‍മിക്കുകയെന്നെ ശ്രീമതി റാണി ജോര്‍ജ് പറഞ്ഞു. 
വലിയൊരു പ്രദേശമായതുകൊണ്ടുതന്നെ പലതരത്തിലുള്ള ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഇവിടെ സാധ്യമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണ്‍ അറിയിച്ചു. കൃത്യമായ സോണ്‍ വേര്‍തിരിവില്ലെങ്കില്‍ ആവര്‍ത്തന സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളുണ്ടാവുകയും അവ പരസ്പരം മത്സരിക്കുന്ന സ്ഥിതിയുണ്ടാവുകയും ചെയ്യും. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്ക് വ്യത്യസ്ത തരത്തില്‍ അനുഭവവേദ്യമാകുന്ന പദ്ധതികളായിരിക്കും നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 
കുടുംബമായെത്തുന്ന സന്ദര്‍ശകര്‍ക്കുവേണ്ടി മുഴുപ്പിലങ്ങാട് ബീച്ചില്‍ സഞ്ചാര പാതകള്‍, വിശ്രമ കേന്ദ്രങ്ങള്‍  എന്നിവയും വിദേശ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കുന്ന തരത്തിലുള്ള ഡ്രൈവ് ഇന്‍ എന്നിവയുമുണ്ടാകും. വാട്ടര്‍ സ്പോര്‍ട്സ്, ഭക്ഷണശാലകള്‍, പ്ലാസകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, വയോജനങ്ങള്‍ക്ക് അനുയോജ്യമായ വിശ്രമകേന്ദ്രങ്ങള്‍, യുവജനകേന്ദ്രം, ടോയ്ലറ്റുകള്‍, പ്രളയ പ്രതിരോധ സംവിധാനം, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവയെല്ലാം  സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്. 
നദീമുഖത്ത് സംഗീത ജലധാര, ജോഗിങ്-സൈക്കിളിങ് ട്രാക്കുകള്‍, ബോട്ട് റസ്റ്ററന്‍റ് എന്നിവ ധര്‍മടം ബീച്ചിലൊരുക്കും.  ജയന്‍റ് വീല്‍, വിദേശ-ആഭ്യന്തര-പ്രവാസി  ടൂറിസ്റ്റുകള്‍ക്കായി രാജ്യാന്തര നിലവാരത്തിലുള്ള കോട്ടേജ്, മുറികള്‍ എന്നിവയടങ്ങുന്ന ആയുര്‍വേദ ഹെല്‍ത്ത് റിസോര്‍ട്ട് തുടങ്ങിയവയും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. ദേശാടന പക്ഷികളടക്കമെത്തുന്ന ധര്‍മടം ദ്വീപില്‍ മികച്ച സജ്ജീകരണങ്ങളോടെയുള്ള നേച്ചര്‍ വാക്ക്, അണ്ടര്‍വാട്ടര്‍ സ്കള്‍പ്ചര്‍ ഗാര്‍ഡന്‍ എന്നിവയും ഒരുക്കുന്നുണ്ട്. 
കിഫ്ബിയുടെ ധനസഹായത്തോടെ ഈ  പദ്ധതിക്കു മാത്രമായുള്ള സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന കേരള ഇറിഗേഷന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.