ഏറ്റുമാനൂരിലെ സമൃദ്ധി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

ബാംകോയുടെ സഹകരണത്തോടെ ഏറ്റുമാനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പേരൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ ആരംഭിച്ച സമൃദ്ധി സ്റ്റോറിന്‍റെ ഷോറൂം ഉദ്ഘാടനം എം എല്‍ എ കെ സുരേഷ് കുറുപ്പ് നിര്‍വഹിക്കുന്നു.

കോട്ടയം: സാമൂഹ്യവികസനത്തിനാവശ്യമായ എല്ലാത്തരം പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്ന ചിന്താഗതി മാറിക്കഴിഞ്ഞുവെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍ പറഞ്ഞു. വിവിധ മേഖലകളിലെ വികനസത്തിന് പൊതുസമൂഹത്തിന്‍റെ പങ്കാളിത്തം ഏറെ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് അഗ്രോ പ്രൊസസിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോ-ഓപറേറ്റീവ് (ബാംകോ) ലിമിറ്റഡുമായി സഹകരിച്ച് ഏറ്റുമാനൂര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ഇഎസ്എസ്എസ്) ആരംഭിച്ച ഗ്രാമീണ്‍ സമൃദ്ധി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബാംകോയുടെ 36-ാമത് സമൃദ്ധി സ്റ്റോര്‍ ആണ് ഏറ്റുമാനൂരിലേത്. 
സ്വാശ്രയ സഹകരണ സംഘങ്ങള്‍ വനിതാശാക്തീകരണത്തില്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇക്കുറി തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന സ്ത്രീകളില്‍ ഭൂരിഭാഗവും സ്വാശ്രയ സംഘങ്ങള്‍ വഴി വളര്‍ന്നു വന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം പ്രിവിലേജ് അംഗങ്ങള്‍ക്ക് തിരികെ നല്‍കാനുള്ള ആശയം ആകര്‍ഷണീയമാണെന്ന് ഷോറൂം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഏറ്റുമാനൂര്‍ എം എല്‍ എ ശ്രീ സുരേഷ് കുറുപ്പ് പറഞ്ഞു. ഈ നാടിന്‍റെ വിശ്വാസം നേടാനും സാധാരണക്കാര്‍ക്കെല്ലാം പ്രയോജനം ലഭിക്കാനും സമൃദ്ധി സ്റ്റോര്‍ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാഴൂര്‍ തീര്‍ത്ഥപാദാശ്രമം പ്രസിഡന്‍റ് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, ഗ്രാമീണ്‍ സമൃദ്ധി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്‍റ് ശ്രീ പി കെ മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന് വിളക്കു കൊളുത്തി. 
മറ്റ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും വിഭിന്നമായി പ്രിവലേജ് അംഗത്വമെടുക്കുന്നവര്‍ക്ക് സ്റ്റോറില്‍ നിന്നുള്ള ലാഭവിഹിതം നല്‍കുന്ന പുതിയ രീതി സമൃദ്ധി ആരംഭിക്കുകയാണെന്ന് ഇഎസ്എസ്എസ് സെക്രട്ടറി ശ്രീ എം എസ് വിനോദ് പറഞ്ഞു. നിത്യോപയോഗത്തിനു വേണ്ട എല്ലാവിധ സാധനങ്ങളും ലഭിക്കുന്നതിനോടൊപ്പം ആവശ്യപ്പെടുന്നവര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കുന്ന സംവിധാനവും ഇവിടെയുണ്ട്. പ്രാദേശിക സംരംഭകരുടെയും കര്‍ഷകരുടെയും ഉത്പന്നങ്ങള്‍ കൂടി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തുന്നതു വഴി പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന നയവും സമൃദ്ധി സ്റ്റോറിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂര്‍ പേരൂര്‍ കവലയില്‍ മൂന്ന് നിലകളിലായി 9000 ചതുരശ്ര അടിയില്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ സ്ഥിതി ചെയ്യുന്ന സമൃദ്ധി സ്റ്റോറില്‍ പലവ്യഞ്ജനം, പച്ചക്കറി, പാല്‍, സ്റ്റേഷനറി, ക്രോക്കറി മുതലായി നിത്യോപയോഗത്തിനുള്ള എല്ലാ സാധനങ്ങളും മിതമായ വിലയില്‍ ലഭിക്കും. പ്രത്യേക മൊബൈല്‍ ആപ് വഴി ആവശ്യപ്പെടുന്ന സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. വെബ്സൈറ്റിന്‍റെയും മൊബൈല്‍ ആപിന്‍റെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു.

ഇഎസ്എസ്എസ് പ്രസിഡന്‍റ് ഡോ. കെ വി സത്യദേവ് അധ്യക്ഷനായ ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഏറ്റുമാനൂര്‍ പ്രസിഡന്‍റ് എന്‍ പി തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം,  വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ എസ് ബിജു, ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന ജന. സെക്രട്ടറി പത്മഭൂഷന്‍, ബാംകോ വൈസ് ചെയര്‍മാന്‍ പി ആര്‍ മുരളീധര്‍, എച്ഇഎഫ് സംസ്ഥാന ജോ. സെക്രട്ടറി സുനില്‍ കുമാര്‍, ഏറ്റുമാനൂര്‍ അതിരമ്പുഴ ജുമാ അത്തിന്‍റെ ജനറല്‍ സെക്രട്ടറി അക്ബര്‍, എച് ഇ എഫ് കോട്ടയം ജില്ലാ പ്രസിഡന്‍റ് പി ജെ ഹരികുമാര്‍, മുന്‍ നഗരസഭാ അധ്യക്ഷന്‍ ജെയിംസ് പ്ലാക്കിത്തൊട്ടിയില്‍, എച്ഇഎഫ് ഏറ്റുമാനൂര്‍ പ്രസിഡന്‍റ് കെ യു ശ്യാം കൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇഎസ്എസ്എസ് ട്രഷറര്‍ പി കെ ജയകുമാര്‍ നന്ദി രേഖപ്പെടുത്തി.