കിംസ്ഹെല്‍ത്ത്-എംജിഎം ഹെല്‍ത്ത്കെയര്‍ ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ യൂണിറ്റ് തിരുവനന്തപുരത്ത്


തിരുവനന്തപുരം: കിംസ്ഹെല്‍ത്ത്, ചെന്നൈയിലുള്ള എംജിഎം ഹെല്‍ത്ത്കെയറിന്‍റെ സഹകരണത്തോടെ ആരംഭിക്കുന്ന ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ യൂണിറ്റ് തിരുവനന്തപുരത്ത് ആരംഭിച്ചു. കിംസ്ഹെല്‍ത്തിന്‍റെ നിലവിലുള്ള അവയവമാറ്റ കേന്ദ്രം വിപുലീകരിച്ചാണ് ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടി ലഭ്യമാക്കുന്നത്.

കുട്ടികളിലേതുള്‍പ്പെടെ 800 ഓളം അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള കിംസ്ഹെല്‍ത്തിന് അന്താരാഷ്ട്ര നിലവാരത്തിനൊത്ത വിജയശതമാനവും കൈമുതലായുണ്ട്. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടുന്ന പ്രത്യേക കേന്ദ്രം കിംസ്ഹെല്‍ത്ത് ഈസ്റ്റ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അവയവമാറ്റ വിഭാഗത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച സര്‍ജൻമാർ, അനസ്തീറ്റിസ്റ്റുകള്‍, ഇന്‍റന്‍സിവിസ്റ്റ്സ്, നഴ്സ്മാര്‍ എന്നിവരുടെ പ്രവര്‍ത്തനം ലഭ്യമാക്കിയിട്ടുണ്ട്.

ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കലിന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ് എംജിഎം ഹെല്‍ത്ത്കെയര്‍. ഡോ. കെ ആര്‍ ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഇതിനകം 400 ലധികം ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിക്കഴിഞ്ഞു. രണ്ട് വയസ്സുള്ള കുട്ടിയില്‍ ബെര്‍ലിന്‍ ഹാര്‍ട്ട് ഇംപ്ലാന്‍റേഷന്‍ വിജയകരമായി ചെയ്ത ഏഷ്യയിലെ ആദ്യ ആശുപത്രി കൂടിയാണിത്. കൊവിഡ് ബാധമൂലം ശ്വാസകോശം തകരാറിലായ ആളിന്‍റെ രണ്ട് ശ്വാസകോശവും മാറ്റി വച്ചതും ഏഷ്യയില്‍ ആദ്യമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എക്മോ സംവിധാനവും എംജിഎം ഹെല്‍ത്ത് കെയറിലാണ്.

പൂര്‍ണമായും തകരാറിലായ ഹൃദയം മാറ്റി വയ്ക്കുന്നതിന് ഉയര്‍ന്ന നിലവാരത്തിലുള്ള വൈദഗ്ധ്യം ആവശ്യമാണെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ. എം ഐ സഹദുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 1994 ലാണ് നടന്നത്. ആ രോഗി 14 വര്‍ഷം ജീവിച്ചിരുന്നു. തുടര്‍വര്‍ഷങ്ങളില്‍ ഹൃദയം മാറ്റിവയ്ക്കലിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എംജിഎമ്മുമായുള്ള സഹകരണത്തോടെ അവയവ മാറ്റ ചികിത്സയിലെ അന്താരാഷ്ട്ര കേന്ദ്രമായി കിംസ്ഹെല്‍ത്ത് മാറും. ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായതും എന്നാല്‍ ചെലവ് താങ്ങാനാകാത്തതുമായ സാധാരണക്കാര്‍ക്കായി കിംസ്ഹെല്‍ത്തിന്‍റെ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രാരംഭത്തില്‍ അന്‍പത് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സഹകരണം സമൂഹത്തിനും രോഗികള്‍ക്കും ഗുണകരമാകുമെന്നും ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുടെ വിജയത്തിന്‍റെ അടിത്തറ വൈദഗ്ധ്യമുള്ളവരുടെ കൂട്ടായപ്രവര്‍ത്തനമെന്നും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് സിഇഒ ഡോ. ഷെറീഫ് സഹദുള്ള പറഞ്ഞു.

ഹൃദയ പേശികളുടെ പ്രവര്‍ത്തന ക്ഷമത ഗുരുതരമായി കുറയുന്ന അവസ്ഥയിലാണ് ഒരു വ്യക്തിയെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതെന്ന് കിംസ്ഹെല്‍ത്ത് വൈസ് ചെയര്‍മാനും കാര്‍ഡിയോളജി വിഭാഗം തലവനുമായ ഡോ. ജി വിജയരാഘവന്‍ പറഞ്ഞു. തനത് ഹൃദയത്തെ നിലനിറുത്താനുള്ള എല്ലാ വഴികളും അടയുമ്പോഴാണ് ഹൃദയമാറ്റിവയ്ക്കല്‍ ചികിത്സാരീതിയിലേക്ക് പോകുന്നത്. ഇത്തരം രോഗികളുടെ വിവരങ്ങളടങ്ങിയ രജിസ്ട്രി കിംസ്ഹെല്‍ത്ത് സൂക്ഷിക്കുന്നു. പിന്നീട് വ്യക്തമായ ക്ലിനിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ രോഗിയെ ഹൃദയം മാറ്റിവയ്ക്കലിനായി തെരഞ്ഞെടുക്കുകയുള്ളൂ.

രാജ്യത്തെ അവയവമാറ്റ ചികിത്സാരീതിയില്‍ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് എംജിഎം ഹെല്‍ത്ത്കെയറെന്ന് ഡയറക്ടര്‍ ഡോ. പ്രശാന്ത് രാജഗോപാലന്‍ പറഞ്ഞു. അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങള്‍, ചികിത്സാവൈദഗ്ധ്യം എന്നിവയിലൂടെ മികച്ച രോഗസൗഖ്യം എംജിഎം ഉറപ്പുവരുത്തുന്നു. രാജ്യത്ത് ഹൃദ്രോഗത്താലുള്ള മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ മികച്ച ചികിത്സ നല്‍കാന്‍ കിംസ്ഹെല്‍ത്തുമായുള്ള ധാരണാപത്രം വഴിവെക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൃദയ-ശ്വാസകോശ മാറ്റിവയ്ക്കലില്‍ എംജിഎമ്മിലേയും കിംസ്ഹെല്‍ത്തിലേയും ക്ലിനിക്കല്‍ സംഘങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് എംജിഎം ഹെല്‍ത്ത്കെയറിന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍പ്ലാന്‍റ് ആന്‍ഡ് മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ ഡോ. കെ ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. മെഡിക്കല്‍ സാങ്കേതിക വിദ്യയിലും ചികിത്സാമാനദണ്ഡങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നിരവധി മുന്നേറ്റമുണ്ടായിട്ടുണ്ട്. ഇതിനനുസൃതമായി രോഗികള്‍ക്ക് ലോകത്ത് കിട്ടുന്ന ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് പ്രാഥമിക ലക്ഷ്യം.

ഹൃദയ-ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ നിമിത്തം സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്ത രോഗികള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്ന് എംജിഎം ഹെല്‍ത്ത്കെയറിന്‍റെ കോ-ഡയറക്ടറും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലംഗ് ട്രാന്‍പ്ലാന്‍റ് ആന്‍ഡ് മെക്കാനിക്കല്‍ സര്‍ക്കുലേറ്ററി സപ്പോര്‍ട്ട്, അനസ്തേഷ്യ വകുപ്പ് മേധാവിയുമായ ഡോ. സുരേഷ് റാവു കെ ജി കൂട്ടിച്ചേര്‍ത്തു.

ധാരണാപത്രങ്ങള്‍ ഡോ. എം ഐ സഹദുള്ളയും ഡോ. സുരേഷ് റാവുവും കൈമാറി. കിംസ്ഹെല്‍ത്തിലെ കാര്‍ഡിയോ തൊറാസിക് ആന്‍ഡ് ട്രാന്‍സ്പ്ലാന്‍റ് സര്‍ജന്‍മാരായ ഡോ സുജിത് വി ഐ, ഡോ. ഷാജി പാലങ്ങാടന്‍, ട്രാന്‍സ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. പ്രവീണ്‍ മുരളീധരന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബ്, എംജിഎം ഹെല്‍ത്ത്കെയര്‍ സിഇഒ ഹാരിഷ് മണിയന്‍, വൈസ്പ്രസിഡന്‍റ് ശ്രീ ശരവണന്‍ രാമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.