ഗവേഷണ സംരംഭക ശൃംഖലയുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍


കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരളയ്ക്ക് (റിങ്ക്) രൂപം നല്‍കുന്നു. ഗവേഷണ സ്ഥാപനങ്ങള്‍, നവസംരംഭങ്ങള്‍, വ്യവസായം, കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഗവേഷണ ഫലങ്ങളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യുകയെന്നതാണ് റിങ്ക് വിഭാവനം ചെയ്യുന്നത്.
ഫെബ്രുവരി 24 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കാണ് റിങ്കിന്‍റെ ഓണ്‍ലൈന്‍ പരിപാടി. കേരള ഡെവലപ്മന്‍റ് ആന്‍ഡ് ഇനോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്ക്) ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം റിങ്ക് ഉദ്ഘാടനം ചെയ്യും. ട്രമോ പെന്‍പോളിന്‍റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ സി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. www.bit.ly/rinklaunch എന്ന വെബ്സൈറ്റില്‍ പരിപാടിയ്ക്കായി രജിസ്റ്റര്‍ ചെയ്യാം.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷണങ്ങളെക്കുറിച്ച് ആഴത്തിലറിയാന്‍ സംരംഭങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും റിങ്ക് വഴി സാധിക്കും.
ഇനോവേഷന്‍ ലാബ്, സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ, ബിസിനസ് ലാബ്, നിക്ഷേപ ഇടനാഴി എന്നിവ റിങ്കിന്‍റെ ഭാഗമാകും.
 ഗവേഷണഫലങ്ങളെ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റുകയെന്നതാണ് റിങ്കിന്‍റെ പ്രാഥമിക കര്‍ത്തവ്യം. നൂതനത്വം നയിക്കുന്ന സാമ്പത്തിക വ്യവസ്ഥയായി കേരളത്തെ മാറ്റുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഭിക്കാവുന്ന എല്ലാ വിഭവശേഷിയെയും പൂര്‍ണമായി പ്രയോജനപ്പെടുത്താനും ഇതു വഴി സാധിക്കും. 
റിങ്കിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഗവേഷണ സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിക്കും. കേരളത്തെ നൂതനാശയ സംരംഭങ്ങളുടെ തലസ്ഥാനമാക്കാന്‍ ഈ കാല്‍വയ്പിലൂടെ സാധിക്കുമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ പറഞ്ഞു.