സ്വകാര്യബാങ്കുകള്‍ക്കും ഇനി സര്‍ക്കാര്‍ സംബന്ധമായ ഇടപാടുകള്‍ നടത്താം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സംബന്ധമായസാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനു സ്വകാര്യബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. നികുതികള്‍, പെന്‍ഷന്‍ വിതരണം, ചെറുകിട സമ്പദ്യപദ്ധതികള്‍, സര്‍ക്കാര്‍ ഏജന്‍സി ബിസിനസ് എന്നിവയുടെ ഇടപാടുകള്‍ ഇനി എല്ലാ സ്വകാര്യബാങ്കുകള്‍ വഴിയും നടത്താം. ഇതുവരെ ചുരുക്കം സ്വകാര്യബാങ്കുകള്‍ക്കാണ് ഇതിനുള്ള അനുമതി ഉണ്ടായിരുന്നത്.

സ്വകാര്യബാങ്കുകള്‍ കൈവരിച്ച സാങ്കേതിക വളര്‍ച്ച കണക്കിലെടുത്തും മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക, സാമൂഹിക അജണ്ടയില്‍ സ്വകാര്യബാങ്കുകള്‍ തുല്യപങ്കാളികളായി മാറിയന്ന് ധനകാര്യ സേവനവകുപ്പ് ട്വീറ്റ് ചെയ്തു. സ്വകാര്യബാങ്ക് മേധാവികള്‍ സര്‍ക്കാര്‍ തീരുമാനത്തെ ആവേശപൂര്‍വം സ്വാഗതം ചെയ്തു. കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനും പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.