കേരള സ്റ്റാര്‍ട്ട് അപ്പ് ‘ഓഫബീ’യെ ഏറ്റെടുക്കാന്‍ അയര്‍ലന്‍റിലെ ഒലിവ് ഗ്രൂപ്പ്


തിരുവനന്തപുരം: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ ടെക്നോളജി ബി2ബി സോഫ്റ്റ് വെയര്‍ സേവന പ്ലാറ്റ്ഫോമായ ഓഫബീയെ അയര്‍ലന്‍റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒലിവ് ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പരിശീലനം തേടുന്നവര്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കും ഏറെ സവിശേഷതകളോടെ മികച്ച പരിശീലനം ലഭ്യമാക്കുന്ന അത്യാധുനിക ആപ്ലിക്കേഷനാണിത്. 
കേരള സ്റ്റാര്‍ട്ടപ്പ്  മിഷനു കീഴില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള എന്‍ഫിന്‍ ടെക്നോളജീസിന്‍റെ ഉല്‍പ്പന്നമായ ഓഫബീയെ ഏറ്റെടുക്കലിനുശേഷം ഒലിവ് ഗ്രൂപ്പിന്‍റെ  Mykademy.com ല്‍ ലയിപ്പിക്കും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ പ്ലാറ്റ്ഫോമില്‍ ചുവടുറപ്പിക്കാനാകും. ഏറ്റെടുക്കലിനോടനുബന്ധിച്ച് ഓഫബീയുടെ എല്ലാ ടീം അംഗങ്ങളും മൈക്കാദമിയുടെ ഭാഗമാകും. 2012 ല്‍ ആരംഭിച്ച എന്‍ഫിന്‍ ടെക്നോളജീസ് വീഡിയോ സ്ട്രീമിംഗ്  കേന്ദ്രീകൃത സ്ഥാപനമായി വളരുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി  പ്രമുഖ വിദ്യാഭ്യാസ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡബ്ലിന്‍ ആസ്ഥാനമായ ഒലിവ് ഗ്രൂപ്പിന്‍റെ മൈക്കാദമി ലോകമെമ്പാടുമുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും അദ്ധ്യാപകര്‍ക്കും കൂടുതല്‍ കരുത്തേകും. ലോകമെമ്പാടുമുള്ള  കോര്‍പ്പറേറ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അത്യാധുനിക ലേണിംഗ് പ്ലാറ്റ്ഫോമുകള്‍, ഡിജിറ്റൈസേഷന്‍, പരിശീലന പ്രതിവിധികള്‍ എന്നിവ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. യൂറോപ്പിലെ  വിദ്യാഭ്യാസ മേഖലയില്‍ മുന്‍നിരയിലുള്ള മാര്‍ഗദര്‍ശിയാണ് ഈ സ്ഥാപനം. പതിനാലുവര്‍ഷത്തിനകം  25,000 ഉപയോക്താക്കള്‍ക്ക് സങ്കീര്‍ണവും അതുല്യവുമായ പരിശീലന ലക്ഷ്യം കൈവരിക്കാന്‍ ഒലിവ് ഗ്രൂപ്പിന്‍റെ സേവനങ്ങള്‍ സഹായകമായി.
പരിശീലന സംവിധാനത്തെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നിക്ഷേപിക്കുമ്പോള്‍ മൈക്കാദമിയുടെ ഉപയോഗം അനായാസമാക്കുന്നതിലും  ഉള്ളടക്കം സമ്പുഷ്ടമാക്കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്ന്  ഒലിവ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ ബ്രണ്ടന്‍ കാവനാഗ് പറഞ്ഞു.  ഓഫബീയെ ഏറ്റെടുത്തുകൊണ്ട്  ഇന്ത്യയിലെ പരിശീലനത്തിലേക്കും  പരിശീലന വ്യവസായത്തിലേക്കും പ്രവേശിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഒലിവ് ഗ്രൂപ്പ്  സിഎഫ്ഒയും സിഇഒയുമായ കൈലാസ് സതീശന്‍ പറഞ്ഞു.
കെഎസ് യുഎമ്മില്‍ നിന്നും സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പില്‍ നിന്നുമാണ് ഓഫബീക്ക് സീഡ് ഫണ്ട് ലഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ചില പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും അദ്ധ്യാപകരുമായും ഓഫബീ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിന് വിവിധ നിക്ഷേപകരുമായി ചര്‍ച്ചയിലായിരിക്കേയാണ് അയ്യപ്പന്‍ അശോകന്‍, ശ്യാംകുമാര്‍, സാജന്‍ ക്രിസ്തുദാസ്, വിഷ്ണു നാരായണന്‍ എന്നിവരടങ്ങുന്ന പ്രധാന ടീം അംഗങ്ങള്‍ ഓഫബീയെ മൈക്കാദമിയുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചത്.
പ്രമുഖ സ്ഥാനത്തെത്തുന്നതിന് ടീം എന്ന നിലയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്ന് ഓഫബീ സഹ സ്ഥാപകന്‍ അയ്യപ്പന്‍ അശോകന്‍ പറഞ്ഞു. അദ്ധ്യാപകര്‍ക്കും പരിശീലന സ്ഥാപനങ്ങള്‍ക്കുമുള്ള മികച്ച പ്ലാറ്റ്ഫോമായി വികസിക്കുന്നതിലൂടെ ഇനി ഒരുമിച്ച് മൈക്കാദമിയുടെ വളര്‍ച്ചയ്ക്ക് കരുത്തേകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി