ഫെബ്രുവരിയില്‍ ഓഹരിവിപണിയില്‍ എസ്.ബി.ഐ നേട്ടമുണ്ടാക്കിയത് 38.91 ശതമാനം

മുംബൈ: ഓഹരിവിപണിയില്‍ ഈ മാസം കയറ്റിറക്കങ്ങളുടെ മാസം. ജനുവരി 29ന് സെന്‍സെക്‌സ് 46285 പോയിന്റായിരുന്നു. ഫെബ്രുവരിയില്‍ 52154 പോയിന്റിലേക്ക് ഉയര്‍ന്നു. എന്നാല്‍ മാസാവസാനം വീണ്ടും 49099 പോയിന്റിലെത്തി.
എസ്.ബി.ഐ ഒരു മാസത്തിനിടെ 38 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം വ്യാപാരം അവസാനിക്കുമ്പോള്‍ 282 രൂപയായിരുന്നു ഓഹരിവില. എന്നാല്‍ ഈ മാസം 17 എത്തിയപ്പോള്‍ 411ലെത്തി. തുടര്‍ന്ന് മാസാവസാന വ്യാപാരദിനത്തില്‍ 391ലേക്ക് താഴ്ന്നു. എന്നാലും വന്‍ നേട്ടമാണ് ഫെബ്രുവരി എസ്.ബി.ഐക്ക് സമ്മാനിച്ചത്.
ഒന്‍പതു ശതമാനത്തില്‍ നഷ്ടമുണ്ടായ ഓഹരികള്‍ നിരവധി. ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടി.സി.എസ്, ഡോ. റെഡ്ഡി’സ് ലാബ്‌സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ ഒരു മാസത്തിനിടെ തകര്‍ന്നത് ഒന്‍പതു ശതമാനത്തില്‍ അധികമാണ്.
അതേസമയം എസ്.ബി.ഐ 38.91 ശതമാനം, ഇന്‍ഡസിന്‍ഡ് ബാങ്ക്- 24.91 ശതമാനം, ഒ.എന്‍.ജി.സി 21 ശതമാനം, എന്‍.ടി.പി.സി 15 ശതമാനം, പവര്‍ ഗ്രിഡന് 12.93 ശതമാനം തുടങ്ങിയ ഓഹരികള്‍ വന്‍ കയറ്റമുണ്ടാക്കി.
എച്ച്.ഡി.എഫ്.സി, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, എം.ആന്‍ഡ് എം തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ വാരത്തില്‍ നഷ്ടമുണ്ടായത് ഏഴ് ശതമാനത്തില്‍ അധികമാണ്.

വെള്ളിയാഴ്ച്ച ആഗോള വിപണികളുടെ ചുവടുപിടിച്ച്‌ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ സൂചികകള്‍ 3 ശതമാനത്തിന് മുകളിലാണ് ദിവസ വ്യാപാരത്തിനിടെ നഷ്ടം രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക 1,800 പോയിന്റിലേറെയും എന്‍എസ്‌ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 500 പോയിന്റിലേറെയും ഇടറി.

അവസാന മണിക്കൂറില്‍ ചിത്രം കൂടുതല്‍ രൂക്ഷമാവുന്നതാണ് കണ്ടത്. സെന്‍സെക്‌സ് 3.80 ശതമാനം തകര്‍ച്ചയില്‍ വ്യാപാരം മതിയാക്കി. 1,939.32 പോയിന്റ് നഷ്ടത്തില്‍ 49,100 എന്ന ദാരുണമായ നിലയിലേക്കാണ് സെന്‍സെക്‌സിന്റെ പിന്‍വാങ്ങല്‍. നിഫ്റ്റിയില്‍ നിന്ന് 568.20 പോയിന്റ് ചോര്‍ന്നു; സൂചിക 14,529 എന്ന നിലയിലേക്ക് തിരിച്ചെത്തി (3.76 ശതമാനം തകര്‍ച്ച).

ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി മുന്നേറുകയായിരുന്ന ഇന്ത്യന്‍ വിപണിക്കേറ്റ ആഘാതത്തില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നഷ്ടം 4.6 ലക്ഷം കോടിയില്‍പ്പരം രൂപ. വിപണിയിലെ അസ്വാഭാവിക മുന്നേറ്റത്തിന് തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നത്തെ വീഴ്ച്ചയുടെ ആഘാതം നിക്ഷേപകരെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നുണ്ട്.

സെന്‍സെക്‌സില്‍ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തിയത്. കൂട്ടത്തില്‍ ഓഎന്‍ജിസി ഓഹരികള്‍ 7 ശതമാനം ഇടറി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് ഓഹരികളും വലിയ നഷ്ടം നേരിട്ടു. എല്ലാ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വില സൂചികകളും വെള്ളിയാഴ്ച്ച വന്‍ തകര്‍ച്ചയ്ക്ക് വിധേയമായി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകളില്‍ കാര്യമായ നഷ്ടം സംഭവിച്ചു.