ബി.എം.ഡബ്ലിയു മോട്ടോറാഡ് ക്ലാസിക് സൂപ്പര്‍ ആര്‍ 18 വിപണിയിലെത്തി

ർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് പുതിയ ആർ18 ക്ലാസിക് സൂപ്പർ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് 24 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഈ ബൈക്ക് ഡീലർഷിപ്പുകളിൽ എത്തിയതായി നിർമാതാക്കൾ അറിയിച്ചു.

ക്രൂയിസർ ബൈക്ക് ശ്രേണിയിൽ ബി.എം.ഡബ്ല്യുവിന്റെ മികച്ച മോഡലായ ആർ18 കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ബൈക്കിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ആർ18 ക്ലാസിക്കും ഈ നിരത്തുകളിൽ എത്തിക്കാൻ തീരുമാനിച്ചത്. നിരത്തുകളിൽ എത്തിയിട്ടുള്ള ഏറ്റവും മികച്ച ടൂറിങ്ങ് ക്രൂയിസർ ബൈക്കാണ് ബി.എം.ഡബ്ല്യു ആർ18 ക്ലാസിക് എന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.

ബി.എം.ഡബ്ല്യു ആർ18 ക്ലാസിക്കിൽ നൽകിയിട്ടുള്ള മികച്ച സ്റ്റൈലിങ്ങും റൈഡിങ്ങ് എക്സ്പീരിയൻസും ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികളെ കൂടുതൽ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റേറ്റ് ഓഫ് ദി ആർട്ട് ടെക്നോളജിയും റൈഡിങ്ങും ഡൈനാമിക്സും മുഖമുദ്രയാക്കി എത്തിയിട്ടുള്ള ഈ ബൈക്ക് ഉപയോക്താക്കളെ ഏറെ ആകർഷിക്കുമെന്നും ബി.എം.ഡബ്ല്യു മേധാവി പറഞ്ഞു.

കാലാതീതമായ രൂപകൽപ്പനയും അത്യാധുനിക സാങ്കേതികവിദ്യയും ഈ ബൈക്കിന്റെ പ്രത്യേകതയാണ്. വലിയ വിൻഡ് സ്ക്രീൻ, പാസഞ്ചർ സീറ്റ്, സാഡിൽ ബാഗുകൾ, എൽ.ഇ.ഡി. ഹെഡ്ലൈറ്റുകൾ, 16 ഇഞ്ച് വലിപ്പമുള്ള മുന്നിലെ വീൽ തുടങ്ങിയവയാണ് ഈ ക്രൂയിസർ ബൈക്കിൽ വരുത്തിയിട്ടുള്ള ഡീസൈൻ ഹൈലൈറ്റുകൾ.