മത്സ്യമേഖലയില്‍ സമൂലമാറ്റം; വെബ് പോര്‍ട്ടലിന് തുടക്കമായി


തിരുവനന്തപുരം: ശുദ്ധമായ മത്സ്യോല്പന്നങ്ങള്‍ സംസ്കരിച്ച് പുതുമ നഷ്ടപ്പെടാതെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതുള്‍പ്പെടെയുള്ള സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് തീരദേശ വികസന കോര്‍പറേഷന്‍റെ (കെഎസ് സിഎഡിസി) നേതൃത്വത്തില്‍ ആരംഭിച്ച ‘പരിവര്‍ത്തനം’ പദ്ധതിയുടെ വെബ്പോര്‍ട്ടലിന് തുടക്കമായി. കെഎസ് സിഎഡിസി നടപ്പാക്കുന്ന വിവിധോദ്ദേശ്യ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും  http://www.parivarthanam.org എന്ന പോര്‍ട്ടലില്‍ ലഭിക്കും.
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക, അവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് അനുയോജ്യമായി തൊഴില്‍ നൈപുണ്യം നല്‍കി ജോലി നേടാന്‍ പ്രാപ്തരാക്കുക, ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുക, മത്സ്യോല്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുക, പൊതുജനങ്ങള്‍ക്ക് മായമില്ലാത്ത മത്സ്യം ഓണ്‍ലൈനായടക്കം എളുപ്പത്തില്‍ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ശ്രീമതി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. 
ഈ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയിലെ പ്രധാന ചുവടുവയ്പാണ് പോര്‍ട്ടല്‍ എന്ന്  കെഎസ് സിഎഡിസി മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഷെയ്ക്ക് പരീത് പറഞ്ഞു. കാര്‍ബണ്‍ രഹിത സമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഇതിന്‍റെ ഭാഗമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
പുതുമ നശിക്കാത്ത മത്സ്യം വിതരണം ചെയ്യുന്നത് വന്‍കിട ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് വെല്ലുവിളിയായിരിക്കെയാണ് ഈ മേഖലയിലേയ്ക്ക്  കെഎസ് സിഎഡിസി  -യുടെ പ്രവേശം.  മത്സ്യ ചില്ലറവിപണിയിലെ പത്തു ശതമാനം ആവശ്യം മാത്രമാണ് ഓണ്‍ലൈനിലൂടെ നിറവേറ്റപ്പെടുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉല്പന്നങ്ങള്‍ എത്തിക്കുന്നതിനൊപ്പം തന്നെ ഓണ്‍ലൈന്‍ വിതരണസംവിധാനത്തിലേയ്ക്ക് പ്രവേശിക്കുന്നതിന് ഊര്‍ജസ്വലമായ വിതരണശൃംഖല വേണം. കേരളീയര്‍ക്ക് അറിയാവുന്ന ഉറവിടങ്ങളില്‍നിന്നും ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍നിന്നും ഗുണനിലവാരത്തോടെ സംസ്കരിച്ച മത്സ്യം ലഭ്യമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാര്‍ഥം തുടക്കമിടുന്ന ഓണ്‍ലൈന്‍ വിതരണശൃംഖല വഴി നൂറുകണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. പിടിച്ചയുടനെ മത്സ്യം ഐസ് പെട്ടികളില്‍ ഭദ്രമായി അടച്ചുസൂക്ഷിച്ച് വൈകാതെ കരയിലെ സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മത്സ്യം പിടിക്കുന്ന സമയം, പിടിക്കുന്ന മത്സ്യത്തൊഴിലാളികള്‍, സംസ്കരണകേന്ദ്രം തുടങ്ങിയ വിവരങ്ങളെല്ലാം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. 
ഇന്ത്യയുടെ തീരപ്രദേശത്തു മുഴുവന്‍ നടപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതിയെ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പരിവര്‍ത്തനം ടീം ലീഡര്‍ ശ്രീ റോയ് വി നാഗേന്ദ്രന്‍ പറഞ്ഞു. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലേതിനു തത്തുല്യമായി കേരളത്തില്‍ മത്സ്യസംസ്കരണത്തിന് പരമ്പരാഗതമായ ശേഷിയുണ്ടെങ്കിലും ഇതിന്‍റെ മെച്ചം നാട്ടില്‍ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ബോട്ടുടമകളും മറ്റുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയതില്‍നിന്നും മനസിലായത് ഇത്തരത്തിലുള്ള ഒരു പദ്ധതിയില്‍ പങ്കാളികളാകാന്‍ എല്ലാവര്‍ക്കും താല്പര്യമുണ്ടെന്നാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 
മത്സ്യമില്ലായ്മ, മേന്‍മയുള്ള ഉല്പന്നങ്ങളിലേയ്ക്കുള്ള ഉപയോക്താക്കളുടെ മാറ്റം, തീവ്രവമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍, നിയന്ത്രണം വിട്ട മത്സ്യബന്ധന രീതികള്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കൊവിഡിനു മുമ്പുതന്നെ മത്സ്യമേഖലയില്‍ ദുരിതമുണ്ട്. മത്സ്യമാര്‍ക്കറ്റുകള്‍ വഴിയുള്ള രോഗബാധ പിന്നാലെയെത്തി. ഇതിനെയെല്ലാം അതിജീവിക്കാന്‍ പരിവര്‍ത്തനം പദ്ധതിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പിടിക്കുന്ന മത്സ്യത്തിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഏര്‍പ്പെടുത്തിയ ഐസിഎആര്‍-സിഫ്റ്റ് ഗുണനിലവാര മാനദണ്ഡങ്ങളുണ്ടെന്ന് പരിവര്‍ത്തനം പദ്ധതി ഉറപ്പാക്കും. ഇന്ത്യയിലെ ഏറ്റവും മികച്ച മത്സ്യഗവേഷ വികസന സ്ഥാപനമായ സിഫ്റ്റിന്‍റെ മുദ്രയോടെയായിരിക്കും ഉല്പന്നങ്ങള്‍ വിപണിയിലെത്തുക. ശീതീകരണ സംവിധാനത്തിലെ നിശ്ചിത താപനില ഉറപ്പാക്കാനുള്ള ആധുനിക നിരീക്ഷണ സംവിധാനങ്ങള്‍ വിതരണ ശൃംഖലയുടെ ഭാഗമായിരിക്കും. 
മത്സ്യവിതരണത്തിനപ്പുറമായി ഇടയ്ക്കുവച്ച് പഠനം മുടങ്ങിപ്പോയവര്‍ക്കും കൊവിഡ് പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ട് മറുനാടുകളില്‍നിന്ന് മടങ്ങിയവര്‍ക്കും പദ്ധതിയുടെ  പ്രയോജനം ലഭിക്കും. കോവിഡ് പ്രതിസന്ധി കാരണം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളി സ്ത്രീകളുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്  പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. പരിവര്‍ത്തനത്തിന്‍റെ ഭാഗമാകുന്നതിനപ്പുറം സംരം ഭങ്ങള്‍ തുടങ്ങാനും ഇവര്‍ക്ക് കഴിയും.ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് വിവിധ കോഴ്സുകളീലൂടെ നൈപുണ്യപരിശീലനം നല്‍കി തൊഴിലവസരങ്ങള്‍ കണ്ടെത്താനും പരിവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയിലെ പങ്കാളികള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനപ്പുറം കേരളത്തിനുപുറമെ ഇന്ത്യയിലെങ്ങും പകര്‍ത്തി നടപ്പാക്കാവുന്ന തരത്തിലുള്ളതാണ് പരിവര്‍ത്തനം.