മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍; 5.8 ലക്ഷം കോടി രൂപ ആസ്തി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 80 ബില്യണ്‍ ഡോളറാണ് ( 5.8 ലക്ഷം കോടി രൂപ)മുകേഷിന്റെ നിലവിലെ ആസ്തി. ചൈനീസ് കുടിവെള്ള കമ്പനി ഉടമ ഴോങ് ഷന്‍ഷാന്റെ ആസ്തിയില്‍ ഇടിവ് വന്നതോടെയാണിത്. 76.6 ബില്യണ്‍ ഡോളര്‍ ആണ് ഈ ചൈനീസ് കുത്തക ഭീമന്റെ ആസ്തി. കഴിഞ്ഞയാഴ്ചയില്‍ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഴോങിന്റെ ആസ്തിയില്‍ 22 ബില്യണ്‍ ഡോളറിന്റെ ഇടിവ് വരുത്തിയിരുന്നുവെന്ന് ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഉടമ ജാക് മായില്‍ നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഏഷ്യന്‍ സമ്പന്ന പട്ടം മുകേഷ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഴോങ് പുതിീയ കമ്പനികള്‍ ലിസ്റ്റ് ചെയ്തതോടെ ഡിസംബര്‍ അവസാനത്തോടെ പദവി അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ബീജിംഗ് വന്റെയ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസ് കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 3,757% വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ചൈനീസ്, ഹോങ്‌കോംഗ് ഓഹരി മാര്‍ക്കറ്റുകളില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടായ തിരിച്ചടിയാണ് ഴോങിന്റെ മൂല്യമിടിച്ചത്.

ഊര്‍ജ മേഖലയ്ക്കു പുറമേ ടെക്‌നോളജി, ഇ-കൊമേഴ്‌സ് എന്നീ മേഖലകളിലാണ് റിലയന്‍സ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ടെല്‍സ ഇന്‍കിന്റെ എലോണ്‍ മസ്‌ക് ആയിരുന്നു ജനുവരി വരെ ലോക സമ്പന്നന്‍. ആമസോണ്‍.കോമിന്റെ ജെഫ് ബെസോസ് ഈ മാസം ആദ്യം ആ പദവി തിരിച്ചുപിടിച്ചു. ഇലക്‌ട്രോണിക് കാറുകളുടെ ഓഹരിമൂല്യത്തിലുണ്ടായ വ്യതിയാനമാണിതിന് കാരണം. അടുത്തകാലത്ത് 1.5 ബില്യണ്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ച മസ്‌കിന് രണ്ടാഴ്ച കൊണ്ട് 15 ബില്യണ്‍ ഡോളറാണ് നഷ്ടമായത്.