മുംബൈ: ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്കി. ഇത് സംബന്ധിച്ച പ്രഖ്യപനം ഈ ആഴ്ച ഉണ്ടാകും. പൊളിക്കല്‍ നിയമത്തിന്റെ പൂര്‍ണമായ രൂപം വരുന്ന നാല് അഞ്ച് ദിവസത്തിനുള്ളില്‍ അവതരിപ്പിക്കും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊളിക്കുന്ന വാഹനത്തിന് പകരമായി സാമ്പത്തിക സഹായമോ പുതിയ വാഹനം വാങ്ങുമ്പോള്‍ ടാക്സ് ഇളവോ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ സൂചനകള്‍ ഒന്നും നല്‍കുന്നില്ല.
വാഹനം പൊളിക്കല്‍ ഘട്ടം ഘട്ടമായാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ വാണിജ്യ വാഹനങ്ങളും തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളും പൊളിക്കും. ടാക്സി-ഗുഡ്സ് വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തെ പഴക്കമാണ് സ്ക്രാപ് പോളിസിയില്‍ നിശ്ചയിച്ചിരിക്കുന്നത്. നിയമം നടപ്പാക്കി കഴിഞ്ഞാല്‍ ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങളുടെ ആര്‍സി റദ്ദാക്കി, പൊളിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കും.
വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേര്‍ന്ന് റീസൈക്കിളിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ അധികം കൂട്ടും. ശാസ്ത്രീയമായ പഠനങ്ങള്‍ കൂടാതെയുള്ള തീരുമാനം പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. തുറമുഖങ്ങള്‍ക്ക് സമീപം ഓട്ടോമൊബൈല്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനാണ് നീക്കം. പക്ഷേ ഇക്കാര്യത്തില്‍ ഉചിതമായ ശാസ്ത്രിയ പഠനങ്ങള്‍ നടന്നിട്ടില്ല.
തീരമേഖലയെയും തീരത്തോട് ചേര്‍ന്നുള്ള സമുദ്രമേഖലയെയും പ്രതികൂലമായി ബാധിക്കുന്ന തിരുമാനം ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്ക്കകും കാരണമാകും. ഓട്ടോമൊബൈല്‍ മാലിന്യങ്ങള്‍ കടലില്‍ കലരുന്നത് മത്സ്യങ്ങളെ അടക്കം ബാധിക്കും എന്നാണ് വിദഗ്ധര്‍ ഉയര്‍ത്തുന്ന വിമര്‍ശനം.