സെന്‍സെക്‌സില്‍ 447 പോയിന്റ് നേട്ടം

മുംബൈ: ചൊവാഴ്ച്ച നേട്ടത്തോടെ ഓഹരി വിപണി ദിനം പൂര്‍ത്തിയാക്കി. ബിഎസ്‌ഇ സെന്‍സെക്സ് സൂചിക 447 പോയിന്റ് ഉയര്‍ന്ന് 50,296.89 നിലയില്‍ തിരിച്ചെത്തി (0.90 ശതമാനം). എന്‍എസ്‌ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 157 പോയിന്റ് മുന്നേറി 14,900 നിലയ്ക്ക് മുകളിലും ഇടപാടുകള്‍ അവസാനിപ്പിച്ചു (1.07 ശതമാനം നേട്ടം). ഓട്ടോ, ഐടി ഓഹരികളുടെ ചുവടുപ്പിടിച്ചാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നേട്ടത്തില്‍ വ്യപാരം പൂര്‍ത്തിയാക്കിയത്. വിശാല വിപണികളിലും മുന്നേറ്റം ദൃശ്യമാണ്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1 മുതല്‍ 2 ശതമാനം വരെ നേട്ടം കാഴ്ച്ചവെച്ചു.

നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് മുന്നിലെത്തിയത്. ഇതേസമയം, ഓഎന്‍ജിസി, എച്ച്‌ഡിഎഫ്‌സി, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ ഓഹരികള്‍ നഷ്ടത്തില്‍ കാലുറപ്പിച്ചു. വ്യവസായങ്ങളുടെ വില സൂചികയില്‍ നിഫ്റ്റി ഓട്ടോ സൂചിക 3 ശതമാനം കുതിപ്പ് രേഖപ്പെടുത്തി തിളങ്ങി. ഫെബ്രുവരിയിലെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നിഫ്റ്റി ഓട്ടോ മുന്നേറുന്നത്. നിഫ്റ്റി ഐടി സൂചികയും ഇന്ന് 3 ശതമാനം നേട്ടം കാഴ്ച്ചവെച്ചു. നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി ഫാര്‍മ ഓഹരികള്‍ ഓരോ ശതമാനം വീതമാണ് നേട്ടം കൊയ്തത്. വിപണിയിലെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.