ഒടിടി പ്ളാ‌റ്റ്‌ഫോമുകള്‍ക്ക് സുപ്രീംകോടതി സെന്‍സറിങ്ങ്‌

ന്യൂഡൽഹി: ഒടിടി പ്ളാ‌റ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പല പരിപാടികളിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് സുപ്രിംകോടതിയുടെ പരാമർശം. ആമസോൺ പ്രൈമിലെ വെബ്‌സീരീസായ താണ്ഡവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പരാമർശിച്ചത്. ഇത്തരം ഉള‌ളടക്കങ്ങൾ പരിശോധിക്കാൻ ഒരു സ്‌ക്രീനിങ് സമിതി ആവശ്യമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

പലതിലും ലൈംഗികപരമായ ഉള‌ളടക്കമുണ്ടെന്ന് അഭിപ്രായപ്പെട്ട സുപ്രിംകോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടി നോട്ടീസ് നൽകി. ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം വീഡിയോ ഹെഡ് അപർണ പുരോഹിതിന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരേ അപർണ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രിംകോടതി ഇങ്ങനെ പരാമർശിച്ചത്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ ഐടി റൂൾസ്-2021ന് വ്യാപക പ്രചാരണം നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു. ഒടിടി പ്ളാ‌റ്റ്‌ഫോമിലെ ഉള‌ളടക്കം നിയന്ത്രിക്കുന്നതിന് കഴിഞ്ഞയാഴ്‌ച കേന്ദ്രസർക്കാർ പുറത്തിറക്കിയ നിയമമാണിത്. അപർണ പുരോഹിതിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി കേസിൽ ഹാജരായി. പബ്ളിസി‌റ്റി താൽപര്യമുള‌ളവരാണ് ഇത്തരത്തിൽ കേസുകൾ നൽകുന്നതെന്നായിരുന്നു മുകുൾ റോഹ്‌തഗിയുടെ വാദം.