കാളിദാസ് ജയറാമിന്റെ പുതിയ ചിത്രം ഒരു രൂപയ്‌ക്ക് കാണാം

മലയാളികളുടെ പ്രിയങ്കരനായ നടനാണ് കാളിദാസ് ജയറാം. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരാണ് നടനുള്ളത്. കാളിദാസിന്റെ പുതിയ ചിത്രം ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തിരിക്കുകയാണ്. പ്രശസ്ത സംവിധായകന്‍ ജയരാജാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു രൂപ മുടക്കിയാല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാകും. ഇന്നു മുതലാണ് ബാക്ക് പാക്കേഴ്സ് പ്രദര്‍ശനത്തിന് എത്തിയത്. ബാക്ക് പാക്കേഴ്‍സ് റൂട്ട്സിലൂടെ ഇന്നു മുതല്‍ ഒരു രൂപയ്‍ക്ക് കാണാമെന്ന് ജയരാജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.

ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്‍റേയും യുവതിയുടേയും ജീവിതവും, പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാര്‍ത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തുന്നത്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്ത്, അഡ്വ.കെ.ബാലചന്ദ്രന്‍ നിലമ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം.സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം ഒരുക്കിയിരിക്കുന്നത്.