വിന്‍ഡോസ് 11 ഇന്ത്യയില്‍

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷനായ വിന്‍ഡോഡ് 11 ഇന്ത്യയിലും ലഭ്യമായി തുടങ്ങി. അപ്‌ഡേറ്റിന് യോഗ്യമായ കമ്ബ്യൂട്ടറുകള്‍ക്ക് സൗജന്യമായി അപ്‌ഡേറ്റ് ലഭിക്കും. മാത്രമല്ല എയ്‌സര്‍, അസൂസ്, ഡെല്‍, എച്ച്‌.പി, ലെനോവോ തുടങ്ങിയ കമ്ബനികളുടെ പുതിയ മോഡലുകളിലെല്ലാം വിന്‍ഡോസ് 11 പ്രീ ഇന്‍സ്റ്റാള്‍ഡായി ലഭിക്കും.

2020 പകുതിയോടെ ഇപ്പോള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്ന കമ്ബ്യൂട്ടറുകള്‍ക്കെല്ലാം വിന്‍ഡോസ് 11 അപ്‌ഡേറ്റ് നല്‍കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. അതേസമയം നിലവില്‍ പുതിയ കമ്ബ്യൂട്ടറുകള്‍ക്ക് മാത്രമാണ് വിന്‍ഡോസ് 11 അപ്‌ഡേറ്റ് ലഭിക്കുക. അസൂസ്, എച്ച്‌പി, ലെനോവോ എന്നീ കമ്ബനികളുടെ വിന്‍ഡോസ് 11 അധിഷ്ഠിതമായ കമ്ബ്യൂട്ടറുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ മൈക്രോസോഫ്റ്റ് സര്‍ഫേസ് മോഡലുകളും പുറത്തിറക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.

വിന്‍ഡോസ് 11-പ്രധാന ഫീച്ചറുകള്‍

തീര്‍ത്തും പുതിയൊരു യൂസര്‍ ഇന്റര്‍ഫേസാണ് പുതിയ വിന്‍ഡോസിലുള്ളത്. ഏറ്റവും പ്രധാനമായ മാറ്റം കാലങ്ങളായി വിന്‍ഡോസ് തുടര്‍ന്നിരുന്ന ഒരു പതിവ് ഇത്തവണ മാറ്റിയിരിക്കുന്നു- വിന്‍ഡോസ് സ്റ്റാര്‍ട്ട് മെനു ഇത്തവണ ഇടതു മൂലയില്‍ നിന്ന് മാറി നടുവിലാണ്. പുതിയ ഫോണ്ടുകളും നോട്ടിഫിക്കേഷന്‍ സൗണ്ടുകളും പുതിയ വേര്‍ഷനിലുണ്ട്. മൈക്രോസോഫ്റ്റ് ടീംസും പ്രീ ഇന്‍സ്റ്റാള്‍ഡായി ലഭിക്കും. മള്‍ട്ടി ടാസ്‌കിങ് മെച്ചപ്പെടുത്താന്‍ സ്‌നാപ്പ് ലേഔട്ടുകളും ഗ്രൂപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടച്ച്‌ സ്‌ക്രീനുള്ള സിസ്റ്റങ്ങള്‍ക്കായി വലിയ ടച്ച്‌ ടാര്‍ഗറ്റുകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഗെയിം ഭ്രാന്തന്‍മാരെയും മൈക്രോസോഫ്റ്റ് നന്നായി പരിഗണിച്ചിട്ടുണ്ട്. ഇതിനായി ഡറക്‌ട് എക്‌സ് 12 ഉം, എച്ച്‌ ഡി ആര്‍ ഓണ്‍/ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഇതില്‍ നല്‍കിയിട്ടുണ്ട്. ഗ്രാഫിക്‌സിനായി എന്‍വിഎംഇ എസ്‌എസ്ഡി സ്റ്റോറേജും നല്‍കിയിട്ടുണ്ട്.

മാത്രമല്ല പ്രീ ഇന്‍സ്റ്റാള്‍ഡായി എക്‌സ് ബോക്‌സും വിന്‍ഡോസ് 11 ലുണ്ടാകും.

ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള അപ്‌ഡേറ്റും ഭാവിയില്‍ വിന്‍ഡോസ് 11 ന് നല്‍കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആന്‍ഡ്രോയിഡ് ആപ്പ് സൈറ്റിലേക്കുള്ള ആക്‌സസ് വിന്‍ഡോസ് 11 ന് നല്‍കിയിട്ടുണ്ട്.