സക്കര്‍ബര്‍ഗിന്റെ നഷ്‌ടം 51,000 കോടി രൂപ

കൊച്ചി: ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്‌റ്റാഗ്രാമും ആഗോളതലത്തില്‍ മണിക്കൂറുകളോളം പണിമുടക്കിയ തിങ്കളാഴ്‌ച, ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്‌തിയില്‍ നിന്ന് ഒറ്റയടിക്ക് കൊഴിഞ്ഞത് 700 കോടി ഡോളര്‍; സുമാര്‍ 51,000 കോടി രൂപ!

ഫേസ്ബുക്കിന്റെ ഓഹരിവില, നാസ്ഡാക്കില്‍ 4.9 ശതമാനം ഇടിഞ്ഞു. സെപ്‌തംബര്‍ പാതിയില്‍ 14,000 കോടി ഡോളര്‍ (10.31 ലക്ഷം കോടി രൂപ) ആസ്‌തിയുണ്ടായിരുന്ന സക്കര്‍ബര്‍ഗ് ലോകത്തെ ഏറ്റവും സമ്ബന്നരില്‍ നാലാമനായിരുന്നു. ഇപ്പോള്‍ ആസ്‌തി 12,160 കോടി ഡോളര്‍ (8.95 ലക്ഷം കോടി രൂപ); റാങ്ക് അഞ്ച്. 12,400 കോടി ഡോളര്‍ (9.14 ലക്ഷം കോടി രൂപ) ആസ്‌തിയുമായി മൈക്രോസോഫ്‌റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് നാലാംസ്ഥാനത്തേക്ക് കയറി.

സെര്‍വര്‍ തകരാറും വിസില്‍ബ്ളോവറും

ലോകത്ത് 350 കോടിപ്പേരാണ് ദിവസേന ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, മെസഞ്ചര്‍, ഇന്‍സ്‌റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം തിങ്കളാഴ്‌ച തടസപ്പെട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞു. മുന്‍ പ്രോഡക്‌ട് മാനേജരും ‘വിസില്‍ബ്ലോവറുമായ” ഫ്രാന്‍സസ് ഹോഗന്‍ കഴിഞ്ഞദിവസം ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ‘ഫേസ്ബുക്ക് ഉപഭോക്തൃ ഡേറ്റ ചോര്‍ത്തി ലാഭം നേടാറുണ്ടെന്നും വെറുപ്പും അക്രമവും വ്യാജവാര്‍ത്തകളും പരത്താറുണ്ടെന്നും” ആരോപിച്ചതും തിരിച്ചടിയായി.

ബി.ജി.പിയാണ് വില്ലന്‍!

ലോകമാകെ തിങ്കളാഴ്‌ച ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്‌റ്റഗ്രാം, മെസഞ്ചര്‍ എന്നിവയെ മണിക്കൂറുകളോളം സ്‌തംഭിപ്പിച്ച വില്ലന്‍ ആരെന്നോ.. ബോര്‍ഡര്‍ ഗേറ്റ്‌വേ പ്രോട്ടോക്കോള്‍ അഥവാ ബി.ജി.പി. റൂട്ടറുകള്‍ മുഖേന നെറ്റ്‌വര്‍ക്കുകളെ ബന്ധിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന സംവിധാനമാണിത്.

ബി.ജി.പി പണിമുടക്കിയാല്‍ റൂട്ടറുകളും അനങ്ങില്ല! നെറ്റ്‌വര്‍ക്കും കിട്ടില്ല. ബി.ജി.പി അനക്കമറ്റതോടെ, ഫേസ്‌ബുക്കിന്റെ ഡൊമൈന്‍ നെയിം സിസ്‌റ്റവും (ഡി.എന്‍.എസ്) പ്രവര്‍ത്തിക്കാതായി. ‘.കോം, .ഇന്‍” എന്നിവപോലെ, വിവരങ്ങള്‍ നേടാനുള്ള (ആക്‌സസ്) വിലാസങ്ങളുടെ ശേഖരമാണ് ഡി.എന്‍.എസ്. ഇതു കിട്ടാതായതോടെയാണ് ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനും മേസേജ് അയയ്ക്കാനും മറ്റും തടസമുണ്ടായത്. പ്രശ്നം പരിഹരിച്ചതോടെ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിച്ച്‌ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തി.

മിനുട്ടില്‍ നഷ്‌ടം ₹12 കോടി!

കഴിഞ്ഞവര്‍ഷം ഫേസ്‌ബുക്കിന്റെ പരസ്യവരുമാനം 8,420 കോടി ഡോളറാണ് (6.20 ലക്ഷം കോടി രൂപ). സെര്‍വര്‍ തകരാറില്‍, ഓരോ മിനുട്ടിലും കമ്ബനി 1.60 ലക്ഷം ഡോളര്‍ (12 കോടി രൂപ) വരുമാനനഷ്‌ടം നേരിടുന്നു എന്നാണ് ഗാര്‍ട്‌ണര്‍ ഉള്‍പ്പെടെയുള്ള റിസര്‍ച്ച്‌ സ്ഥാപനങ്ങള്‍ പറയുന്നത്.