ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികള്‍ ടാറ്റ നിയന്ത്രണത്തിലാണ്. ഇതോടെ ഇന്ത്യയുടെ ആകാശത്ത് കൂടി പറക്കുന്ന വിമാനങ്ങളില്‍ പകുതിയിലധികവും ടാറ്റയുടെ സ്വന്തമാകും.
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയുടെ 50 ശതമാനം ഓഹരികളുമാണ് ടാറ്റ സണ്‍സ് ഗ്രൂപ്പിന് ലഭിക്കുക. എയര്‍ ഇന്ത്യ വില്പന വഴി 2700 കോടി രൂപ തുകയായി കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. ബാക്കിയുള്ളത് എയര്‍ ഇന്ത്യയുടെ കടമാണ്.
കെട്ടിടങ്ങളും ഭൂമിയും ഉള്‍പ്പെടെയുള്ള ആസ്തികള്‍ ടാറ്റക്ക് ലഭിക്കില്ല. 14,718 കോടി രൂപ വിലവരുന്ന ഈ സ്വത്തുക്കള്‍ അകഅഒഘ എന്ന സര്‍ക്കാര്‍ കമ്പനിക്ക് കൈമാറും.
60,000 കോടിയിലധികം രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം. കേന്ദ്രത്തിന്റെ പ്രതിദിന നഷ്ടം 20 കോടിയോളം രൂപയാണ്.എയര്‍ ഇന്ത്യയിലെ നിലവിലെ തൊഴിലാളികള്‍ക്ക് രണ്ടാം വര്‍ഷം സ്വമേധയാലുള്ള വിരമിക്കല്‍ അനുവദിക്കും. ആദ്യ വര്‍ഷം ആരെയും പിരിച്ചു വിടില്ല.
എല്ലാ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി, പി.എഫ് ആനുകൂല്യങ്ങള്‍ ലഭിക്കും.
അഞ്ച് വര്‍ഷത്തിന് ശേഷം ടാറ്റയ്ക്ക് എയര്‍ ഇന്ത്യ ബ്രാന്‍ഡ് കൈമാറാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ളയാള്‍ക്ക് മാത്രമേ വില്‍ക്കാവൂ എന്നാണ് വ്യവസ്ഥ.
നാല് കമ്പനികളാണ് എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതെങ്കിലും അന്തിമ യോഗ്യത നേടിയത് ടാറ്റയും സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായിരുന്നു.
എയര്‍ ഇന്ത്യ വില്‍ക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ശ്രമമാണ് ഇത്. 2018 ല്‍ കമ്പനിയുടെ 76 ശതമാനം ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ഭീമമായ കടം കാരണം ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.
സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ചേര്‍ന്ന് വിസ്താര, മലേഷ്യന്‍ വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുമായി ചേര്‍ന്ന് എയര്‍ ഏഷ്യ ഇന്ത്യ എന്നീ വിമാനക്കമ്പനികളാണ് ടാറ്റ നടത്തുന്നത്.
1932 ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജഹാന്‍ഗീര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ തുടങ്ങിയ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുകയാണ്.