എയര്‍ ഇന്ത്യ വീണ്ടും ടാറ്റയ്ക്ക്‌

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്കായിരുന്നു ലേലം. സ്‌പൈസ് ജെറ്റായിരുന്നു ലേലത്തില്‍ ടാറ്റയുടെ പ്രധാന എതിരാളി. എയര്‍ ഇന്ത്യയ്ക്ക് പുറമെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡലിങ് വിഭാഗമായ എയര്‍ ഇന്ത്യ സാറ്റ്‌സും ഇനി ടാറ്റാ സണ്‍സിന് സ്വന്തമായിരിക്കും. 2020 ഡിസംബറിലാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

എയര്‍ ഇന്ത്യ വില്‍പ്പനയില്‍നിന്ന് 2,700 കോടി രൂപ സര്‍ക്കാരിന് ലഭിക്കും. ബാക്കിയുള്ളത് സര്‍ക്കാരിന്റെ കടമാണ്. അത് എയര്‍ ഇന്ത്യ ഏറ്റെടുക്കും. 14,718 കോടി രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും ഉള്‍പ്പെടെയുള്ള നോണ്‍കോര്‍ അസറ്റുകള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നില്ല. അവ സര്‍ക്കാരിന്റെ ഹോള്‍ഡിങ് കമ്പനിയായ എഐഎഎച്ച്എല്ലിന് കൈമാറും. നാലുകമ്പികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മപരിശോധനയില്‍ തള്ളിപ്പോയി. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.

1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആർ.ഡി ടാറ്റ തന്നെയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ.