കേരളത്തില്‍ പവര്‍ കട്ട് വീണ്ടും വന്നേക്കും

തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ ഉണ്ടായ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് സൂചന. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ കുറവ് സംഭവിക്കുന്നതിനാല്‍ കേരളത്തില്‍ ലോഡ്‌ഷെഡിംഗ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയതെന്നും മന്ത്രി വെളിപ്പെടുത്തി. പവര്‍കട്ട് ഒഴിവാക്കാനാകുമോ എന്ന് ആലോചിക്കുന്നുണ്ടെന്നും, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി. ജല വൈദ്യുതി പദ്ധതികള്‍ മാത്രമാണ് പരിഹാര മാര്‍ഗമെന്നും മന്ത്രി വിലയിരുത്തി.

അതേസമയം ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്നതിനാല്‍ താപ വൈദ്യുതി ഉല്‍പ്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ഇതിനകം വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പവര്‍കട്ട് പ്രഖ്യാപിച്ചത്. ഇവയ്ക്ക് പുറമേ ഡല്‍ഹിയിലും നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കല്‍ക്കരി ക്ഷാമം വൈകാതെ പരിഹരിക്കാനാവുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.