തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വായ്പാപദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ പലിശ-ഈട് രഹിത വായ്പ നല്‍കുന്നതാണ് റിവോള്‍വിംഗ് ഫണ്ട് എന്ന പദ്ധതി.
തുടക്കത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
റിവോള്‍വിംഗ് ഫണ്ട് പ്രകാരം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും അംഗീകൃത സംഘടനയിലെ അംഗമായ, ടൂറിസവുമായി ബന്ധപ്പെട്ട വിവിധ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകള്‍ക്കും ഈ വായ്പക്കായി അപേക്ഷിക്കാം. സംസ്ഥാന ടൂറിസം വകുപ്പ്, ടൂറിസം മന്ത്രാലയം, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി , മറ്റേതെങ്കിലും അംഗീകൃത ടൂറിസം സംഘടന എന്നിവയില്‍ അംഗത്വമുള്ളതും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്റ്റ് ടാക്സി, ടൂറിസ്റ്റ് ബസ്, ശിക്കാര വള്ളം, ഹൗസ് ബോട്ട്, ഹോട്ടല്‍, റിസോര്‍ട്ട്, റെസ്റ്റോറന്‍റ്, ആയുര്‍വേദ സെന്‍റര്‍, ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളിലെ ജീവനക്കാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന സൂക്ഷ്മ സംരഭങ്ങള്‍, കലാ സംഘങ്ങള്‍, ആയോധന കലാ സംഘങ്ങള്‍, കരകൗശല വിദഗ്ധ സംഘങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യക്തികള്‍, കേരള ടൂറിസം / ഇന്‍ഡ്യ ടൂറിസം ലൈസന്‍സ് ഉള്ള ടൂര്‍ ഗൈഡുകള്‍ എന്നിവരായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
ടൂറിസം വകുപ്പ് പ്രത്യേകമായി സജ്ജമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒരു വര്‍ഷത്തെ മൊറട്ടോറിയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ഗുണഭോക്താവ് തുക തിരിച്ചടക്കണം. ഓരോ സംഘടനയിലെയും അംഗങ്ങളുടെ തിരിച്ചടവ് അതത് സംഘടനകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൂറിസം മേഖലയുടെ തിരിച്ചു വരവിന് ഗുണകരമാകുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
അപേക്ഷകള്‍ പരിശോധിച്ച് വായ്പ അനുവദിക്കുന്നതിന് സമിതിയെയും സര്‍ക്കാര്‍ രൂപീകരിച്ചു. ഈ കമ്മിറ്റിയില്‍ ടൂറിസം ഡയറക്ടര്‍ ചെയര്‍മാനും സ്റ്റേറ്റ് ആര്‍.ടി.മിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായിരിക്കും.
ടൂറിസം വകുപ്പ് ഫിനാന്‍സ് ഓഫീസര്‍ , മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേരള ട്രാവല്‍ മാര്‍ട്ട്, അറ്റോയി, ഹോംസ്റ്റേ സംഘടനകള്‍, ടൂറിസം കെയര്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ രണ്ട വീതം പ്രതിനിധികള്‍, കേരള ടൂറിസം പ്രഫഷണല്‍ ക്ലബ്ബിന്‍റെ പ്രസിഡന്‍റ്/പ്രതിനിധി, സാഹസിക ടൂറിസം മേഖലയിലെ സംഘടനാ പ്രതിനിധി, ടൂറിസം സംരക്ഷണ സമിതി പ്രസിഡന്‍റ്/പ്രതിനിധി, അംഗീകൃത ടൂറിസ്റ്റ് ഗൈഡുമാരുടെ സംഘടനാ പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്.