രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 20 രൂപ

റിയാദ്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു സൗദി റിയാലിന് 20 രൂപയിലെത്തി. ഈ മാസം എട്ടിനാണ് 20.3 ലെത്തിയത്.
ശമ്പളം കൈയില്‍ കിട്ടുന്ന സമയത്ത് ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കുറഞ്ഞതിന്റെ ആശ്വാസത്തില്‍ പ്രവാസികള്‍. കൂടിയ മൂല്യം കിട്ടുമെന്നതുകൊണ്ട് നാട്ടിലേക്ക് പണമയക്കാന്‍ മണി എക്സ്‌ചേഞ്ച് കേന്ദ്രങ്ങളില്‍ തിരക്കുകൂടി.
ഒരാഴ്ചയോളമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇത് കൃത്യമായി പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന സമയമായതോടെ ഇത് മുതലാക്കുകയാണ് പലരും. ഖത്തര്‍ ഒരു റിയാല്‍ മണി എക്സ്‌ചേഞ്ച് കേന്ദ്രങ്ങളില്‍ ഇന്നലെ 20.43 രൂപയാണ് ലഭിച്ചത്. ഓണ്‍ലൈനായി 20.50 ലഭിച്ചവരുണ്ട്. ശനിയാഴ്ച 20.50 രൂപയാണ് നിരക്ക്.
സ്വര്‍ണത്തിനും ക്രൂഡ്ഓയിലിനും വില കൂടുന്നതും വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ മെച്ചപ്പെടുന്നതും രാജ്യത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് രൂപ പതിക്കാന്‍ കാരണമായി.