റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും

റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു.

ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. ഇവയുടെ പരീക്ഷണ ഓട്ടങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും റിയാദ് റോയല്‍ കമ്മീഷന്‍ ഉപദേഷ്ടാവ് ഹുസ്സം അല്‍ ഖുറൈശി അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ ട്രെയിനുകളിലൊന്നില്‍ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി എല്ലാ ട്രാക്കുകളിലൂടെയുമായി ഇതിനകം 20 ലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ ട്രെയിനുകള്‍ സഞ്ചരിച്ചു കഴിഞ്ഞു
പദ്ധതിയുടെ ഭാഗമായുള്ള ട്രാക്കുകളുടെ നിര്‍മാണം നൂറ് ശതമാനം പൂര്‍ത്തിയായി. അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ബാക്കിയുള്ളത് സ്റ്റേഷനുകളിലെ അവസാനഘട്ട ജോലികളാണ്. രണ്ട് മാസത്തിനകം ഇതും പൂര്‍ത്തിയാക്കും. ആറ് മെട്രോ ലെയ്നുകള്‍, 184 ട്രെയിനുകള്‍, 85 റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി. 1800 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മെട്രോ പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ ബസ്സുകളും സജ്ജമായിക്കഴിഞ്ഞു. ഇതിനായി 350 കിലോമീറ്റര്‍ റെയില്‍ റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായിക്കഴിഞ്ഞു. റെയില്‍ സ്റ്റേഷനുകളുടെ 80 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി.
ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ ട്രെയിന്‍ പദ്ധതി. റിയാദ് നഗരത്തിന്റെ ചെറിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ എല്ലാ നഗര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വിശാലമായ റെയില്‍വേ പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് റോയല്‍ കമ്മീഷന്റെ കീഴിലുള്ള റിയാദ് ഇലക്ട്രിക് ട്രെയിന്‍ പദ്ധതി. മെട്രോ ട്രെയിനുകള്‍ക്കു പുറമെ, അനുബന്ധ ബസ്സുകളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയില്‍ ഉള്‍പ്പെട്ട മെട്രോ ബസ്സുകള്‍ നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ഖുറൈശി അറിയിച്ചു.