ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളിലൊന്നായി അയ്മനം

തിരുവനന്തപുരം: അയ്മനം എന്ന കൊച്ചു ഗ്രാമം വീണ്ടും ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രം ആകുന്നു. 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി’ന്‍റെ പശ്ചാത്തലമായി അയ്മനം  ലോകശ്രദ്ധ നേടിയിരുന്നു. കോണ്ടേ നാസ്റ്റ് ട്രാവലറിന്‍റെ ഇക്കൊല്ലം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്.
കോട്ടയത്തെ കായലോര ഗ്രാമമായ അയ്മനത്തിന്  കഴിഞ്ഞ നവംബറില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം വണ്‍ ടു വാച്ച് പുരസ്കാരവും ലഭിച്ചിരുന്നു. പ്ലാസ്റ്റിക് വിമുക്ത, ശുചിത്വ ഗ്രാമമായ അയ്മനം പ്രാദേശിക ജനസമൂഹത്തിന് തൊഴില്‍ ലഭ്യമാക്കുന്നതിനു പുറമേ പൈതൃക സമ്പന്നവും യാത്രാകള്‍ക്ക് അനുയോജ്യവുമായ ഇടമാണെന്ന പരിഗണനയിലായിരുന്നു പുരസ്കാരം.


വേമ്പനാട് കായലിന്‍റേയും മീനച്ചലാറിന്‍റേയും അതിര്‍ത്തിഗ്രാമമായ അയ്മനം  എഴുത്തുകാര്‍ക്ക് പ്രചോദനം നല്‍കുന്നതും ഡിജിറ്റല്‍ ലോകത്തില്‍ നിന്നും വേര്‍പെട്ട് പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണെന്നായിരുന്നു കോണ്ടേ നാസ്റ്റിന്‍റെ പരാമര്‍ശം.
പക്ഷിനിരീക്ഷണം, നെല്‍വയലുകളിലൂടെയുള്ള നടത്തം, ബോട്ട് സവാരി, ആരാധനാലയ സന്ദര്‍ശനം, കളരിപ്പയറ്റ്-കഥകളി ആസ്വാദനം  എന്നിവയ്ക്കു പുറമേ തനത് ഭക്ഷ്യവിഭവങ്ങള്‍ നുകരുന്നതിനുമാണ് അയ്മനം സഞ്ചാരികളെ വരവേല്‍ക്കുന്നത്.
ചെറിയ ഗ്രാമമായ അയ്മനം  പ്രകൃതി സുന്ദരവും സാംസ്കാരിക സമ്പന്നവുമാണെന്ന് ടൂറിസം  മന്ത്രി പിഎ  മുഹമ്മദ് റിയാസ് പറഞ്ഞു. അടുത്തകാലം വരെയും അധികം പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശമായിരുന്നു. അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചതിലൂടെ  ആഗോള ടൂറിസം ഭൂപടത്തില്‍ കൂടുതല്‍ ശ്രദ്ധേയമായി. കോണ്ടേ നാസ്റ്റിന്‍റെ അംഗീകാരവും ഇതിന് തെളിവാണ്. സംസ്ഥാനത്തുടനീളം ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സുപ്രധാന അംഗീകാരമാണിതെന്നും മന്ത്രി വ്യക്തമാക്കി.


ഭീംതാല്‍ (ഉത്തരാഖണ്ഡ്), കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍), സിന്ധുദുര്‍ഗ് (മഹാരാഷ്ട്ര), സിക്കിം, ഒഡീഷ, ഗോവ, മേഘാലയ, രാജസ്ഥാന്‍, സിക്കിം, ശ്രീലങ്ക, ഭൂട്ടാന്‍, ഖത്തര്‍, ജപ്പാന്‍, യുഎഇ, ഈജിപ്റ്റ്, ഒക്ലഹോമ (അമേരിക്ക), ലണ്ടന്‍ (ഇംഗ്ലണ്ട്), സുംബ (ഇന്തോനേഷ്യ), ഇസ്താംബുള്‍ (തുര്‍ക്കി), സിസിലി (ഇറ്റലി), സിയോള്‍ (ദക്ഷിണകൊറിയ), സെര്‍ബിയ, ഉസ്ബെക്കിസ്ഥാന്‍, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളും കോണ്ടേ നാസ്റ്റിന്‍റെ പട്ടികയിലുണ്ട്.