കൊച്ചി മെട്രൊയില്‍ ദിവസം 72000 യാത്രക്കാര്‍; ചെന്നൈ മെട്രൊയേക്കാള്‍ യാത്രക്കാര്‍ കൂടുതല്‍ കൊച്ചിയില്‍

കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ വര്‍ധിച്ചു. ലാഭത്തിലെത്താന്‍ പ്രതിദിനം ഒരു ലക്ഷം എന്നത് ഏറെ താമസിയാതെ കൊച്ചി മെട്രൊ കൈവരിക്കും. ശരാശരി 72,000 യാത്രക്കാര്‍ ഇപ്പോഴുണ്ട്. കോവിഡിനു മുന്‍പ് ഇത് 65,000 ആയിരുന്നു. എസ്എന്‍ ജംക്ഷന്‍ വരെയുള്ള രണ്ടു സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ 10,000 യാത്രക്കാര്‍ കൂടി അധികം ലഭിക്കുമെന്നാണു പ്രതീക്ഷ. അതോടെ പ്രതിദിന യാത്രക്കാര്‍ 82,000 ആകും. 45 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ചെന്നൈ മെട്രോയില്‍ ശരാശരി യാത്രക്കാര്‍ 85,000 മാത്രമാണെന്നിരിക്കെ 26.5 കിലോമീറ്റര്‍ മാത്രമുള്ള കൊച്ചിയില്‍ 82,000ഉണ്ട്.
ഒരു ലക്ഷം യാത്രക്കാരെന്ന ലക്ഷ്യത്തിലേക്കെത്താന്‍ യാത്രക്കാര്‍ക്കായി കെഎംആര്‍എല്‍ പുതിയ പദ്ധതികള്‍ അവതരിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കു ഡിസ്‌കൗണ്ട് കാര്‍ഡ്, പുതിയ ട്രാവല്‍ പാസ് എന്നിവയാണിത്. 7, 15, 30, 45 ദിവസത്തേക്കുള്ള ട്രാവല്‍ പാസില്‍ ഡിസ്‌കൗണ്ട് ഉണ്ടാകും. റജിസ്‌ട്രേഷനോ കെവൈസിയോ വേണ്ട. ഏതു സ്റ്റേഷനില്‍ നിന്നും എവിടേക്കും പോകാം. ഉപയോഗിക്കാത്ത പണം റീഫണ്ട് ചെയ്യും.
പുതിയ മൊബൈല്‍ ആപ്, എഫ്എം റേഡിയോ എന്നിവയും മെട്രോയുടെ പരിഗണനയിലുണ്ട്. സൈക്കിള്‍, ഇ ഓട്ടോ, ഇ ബസ് എന്നിവയുടെ ശൃംഖല ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി ഒരുക്കുന്നു. മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ നഗരത്തിന്റെ ഏതു ഭാഗത്തേക്കും എത്താം. 9 ഇ ബസ് 13 റൂട്ടില്‍ പ്രതിദിനം 5-6 സര്‍വീസ് വീതം നടത്തുന്നു. 10 ഹൈഡ്രജന്‍ ബസിനു ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 200 ഇ ഓട്ടോകള്‍ വാങ്ങാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധന മെട്രോയുടെ മറ്റു വരുമാന മാര്‍ഗങ്ങളെയും ഉഷാറാക്കി. മെട്രോ സ്റ്റേഷനുകളില്‍ കിയോസ്‌കുകളുടെയും ഓഫിസ് ഇടങ്ങളുടെയും ലേലത്തിനു മികച്ച പ്രതികരണം ലഭിച്ചു. ചതുരശ്ര അടിക്ക് 50 രൂപ മുതല്‍ 25,000 വരെ വ്യാപാരത്തിനുള്ള സ്ഥലം ലഭിക്കുമെന്നതു മെട്രോ പരിസരത്തു കച്ചവടം ആഗ്രഹിക്കുന്നവര്‍ക്കു ഗുണകരമാണ്.
കഴിഞ്ഞ ലേലത്തില്‍ 33 കിയോസ്‌കുകളും 10 ഓഫിസ് ഇടങ്ങളും ലേലത്തില്‍ പോയി. ആലുവ, വൈറ്റില, കമ്പനിപ്പടി, അമ്പാട്ടുകാവ്, ഇടപ്പള്ളി, മുട്ടം, കുസാറ്റ്, ടൗണ്‍ഹാള്‍, സ്റ്റേഡിയം, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, എംജി റോഡ്, മഹാരാജാസ്, സൗത്ത് സ്റ്റേഷനുകളിലായി 63 കിയോസ്‌കുകളും 18 ഓഫിസ് സ്‌പേസും ഇനി ഒഴിവുണ്ട്. വടക്കേക്കോട്ട സ്റ്റേഷനില്‍ പ്രീ ബുക്കിങ്ങും ആരംഭിച്ചു.