കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്‍യുഇഎഫ്) കോണ്ഫറന്‍സില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പുമായി 2,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒപ്പുവെച്ചു. അതേസമയം ലുലു ഗ്രൂപ്പ് തെലങ്കാനയിലും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്.
കര്‍ണാടകയില്‍ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇത് 10,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. 4 ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും തുറക്കാനും ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.