കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്; വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത് എറണാകുളം

തിരുവനന്തപുരം: കോവിഡ് കാലത്തും കേരളത്തിലേക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29000 പേര്‍ അധികമെത്തി. 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 43547 വിദേശ സഞ്ചാരികള്‍ കേരളത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 14489 പേര്‍ ആയിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു.

കൊവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന ടൂറിസം മേഖല ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറ്റത്തിന്‍റെ പാതയിലെത്തിയതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാരവന്‍ ടൂറിസം ഉള്‍പ്പെടെയുള്ള നൂതന ഉല്‍പ്പന്നങ്ങളിലൂടേയും ടൂറിസം സാധ്യതയുള്ള പുതിയ സ്ഥലങ്ങളെ കണ്ടെത്തുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് തുടങ്ങിയ പദ്ധതികളിലൂടേയും ഈ വര്‍ഷം കേരള ടൂറിസം മികച്ച വളര്‍ച്ച കൈവരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
22 ലക്ഷം ആഭ്യന്തര സഞ്ചാരികള്‍ എത്തിയ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 2022 ലെ ആദ്യപാദത്തില്‍  72.48 ശതമാനം വളര്‍ച്ച നേടാനായി. 811,426 ആഭ്യന്തര വിനോദസഞ്ചാരികള്‍ എത്തിയ  എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്. 600,933 പേര്‍ എത്തിയ തിരുവനന്തപുരമാണ് രണ്ടാമത്. ഇടുക്കി (511,947), തൃശൂര്‍ (358,052), വയനാട് (310,322) ജില്ലകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെത്തിയത് ഇക്കാലയളവിലാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ 16 ലക്ഷം സഞ്ചാരികളുടെ വര്‍ദ്ധനവാണ് നേടാനായത്. കൊവിഡ് മഹാമാരിയില്‍ നിന്നും കേരള ടൂറിസം കരകയറിയതിന്‍റെ സൂചനയാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
2021 ന്‍റെ അവസാന പാദത്തിലെ  കണക്കുകള്‍ പ്രകാരം കേരള ടൂറിസം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും നമ്മുടെ പ്രതീക്ഷകള്‍ക്കപ്പുറം ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍  വര്‍ദ്ധന നേടാനായി. ഈ വര്‍ഷം രണ്ടാംപാദത്തില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് നേടാനാകുമെന്നതിന്‍റെ  സൂചനകളാണ് ലഭിക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും ആത്മവിശ്വാസം കൈവിടാതെ ആസൂത്രിത പദ്ധതികളുമായി കൂട്ടായി പ്രവര്‍ത്തിച്ചതിന്‍റെ ഫലമാണ് ഈ വളര്‍ച്ച. 
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തിലെ 14,489 എന്ന നിലയില്‍ നിന്നും 200.55 ശതമാനം വര്‍ദ്ധനയോടെ  ഈ വര്‍ഷം ആദ്യപാദത്തില്‍ 43,547 ലേക്ക് എത്താനായി. ഈ വര്‍ഷം ആദ്യപാദത്തില്‍ 29,000 വിദേശ സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായി എത്തിയത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയത്.
സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചിടത്തോളം  ടൂറിസത്തിന് നേട്ടങ്ങളുടേതായിരിക്കും ഈ വര്‍ഷം.  കഴിഞ്ഞവര്‍ഷം ഒക്ടോബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ 360 ഡിഗ്രി പ്രചാരണത്തിന്‍റെ പ്രതിഫലനമാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന.
കൊവിഡിനു ശേഷം ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായുള്ള കേരളത്തിന്‍റെ 360 ഡിഗ്രി പ്രചാരണം ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ സ്വാധീനം ചെലുത്തി. വിവിധ മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണത്തിലൂടെ കേരളം വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുരക്ഷിത പ്രദേശമാണെന്ന സന്ദേശം ആഭ്യന്തര, വിദേശ സഞ്ചാരികളില്‍ ഉണ്ടാക്കാനായി. അച്ചടി, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പോര്‍ട്ടലുകള്‍, തിയേറ്ററുകള്‍, എഫ്.എം. റേഡിയോ, ഒടിടി പ്ലാറ്റ് ഫോമുകള്‍, മ്യൂസിക്ക് ആപ്പുകള്‍, ഒഒഎച്ച് മീഡിയ തുടങ്ങിയ വിവിധ മാധ്യമങ്ങളെ പ്രചാരണത്തിനായി ഉപയോഗിച്ചു.

സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ അവതരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും പ്രയോജനപ്പെടുത്തി. ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് കഴിഞ്ഞവര്‍ഷം അഹമ്മദാബാദിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയില്‍ ‘എ ചേഞ്ച് ഓഫ് എയര്‍’ എന്ന പ്രമേയത്തില്‍ കേരള ടൂറിസം പവലിയന്‍ സജ്ജമാക്കിയിരുന്നു.
കൊവിഡ് മഹാമാരിയാലുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സ്പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയന്‍ നഗരമായ മിലാനിലും കേരള ടൂറിസം ആദ്യ ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റുകള്‍ നടത്തി. ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലെ വിജയകരമായ പങ്കാളിത്തത്തിന് തൊട്ടുപിന്നാലെ മധ്യപൂര്‍വ്വേഷ്യയിലെ സുപ്രധാന നഗരങ്ങളായ മസ്കറ്റിലും മനാമയിലും ബിടുബി മീറ്റുകള്‍ സംഘടിപ്പിച്ചു. ഇവയിലൂടെ യൂറോപ്യന്‍, മധ്യപൂര്‍വ്വേഷ്യന്‍ വിപണികളില്‍ കൂടുതല്‍ ചുവടുറപ്പിക്കാനുള്ള ആത്മവിശ്വാസം നേടാനായി.  ഇത്തരം ബിടുബി മീറ്റുകളും റോഡ്ഷോകളും വരും വര്‍ഷങ്ങളില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വളര്‍ച്ചനേടാന്‍ മുതല്‍ക്കൂട്ടാകും.
കാരവന്‍ ടൂറിസം, സാഹസിക ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ രണ്ടാം പതിപ്പ്, ഉത്തരവാദിത്ത ടൂറിസം, സ്ട്രീറ്റ് പദ്ധതി ഇവയെല്ലാം വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കി ടൂറിസം വകുപ്പ് പുറത്തിറക്കിയ വാട്സാപ്പ് ചാറ്റ്ബോട്ട് ‘മായ’യുടെ സേവനവും ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ നിര്‍ണായക വര്‍ദ്ധനവിന് കാരണമാകും.

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ; 3.5 ലക്ഷം പേര്‍ കാണാനെത്തി


കൊവിഡിനു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ഒത്തുകൂടിയത് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനാണ്. മൂന്നരലക്ഷത്തോളം പേര്‍ എത്തിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉടനെ പ്രഖ്യാപിക്കും. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേട്ടമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനം ഉറപ്പാക്കേണ്ടത് സുപ്രധാനമാണെന്നും അതിലേക്കായി യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നും  മന്ത്രി വ്യക്തമാക്കി.
ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎസ് ശ്രീനിവാസ് സന്നിഹിതനായിരുന്നു.
കൊവിഡ് കാരണം നിര്‍ത്തലാക്കിയ രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചതിലൂടെ വിദേശവിനോദ സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവ് നേടാനാകുമെന്ന് ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു.