അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിട്ടുപോയി

മോസ്‌കോ: വിദേശ കമ്പനികള്‍ റഷ്യ ഉപേക്ഷിച്ചു പോയതിന് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍.

തന്നെ സംബന്ധിച്ചിടത്തോളം, ഇതു വളരെ സന്തോഷകരമായ കാര്യമാണെന്ന് പുടിന്‍ പറഞ്ഞു. യുഎസ് കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു മടങ്ങിയതില്‍ നിരാശയില്ലെന്നും, 1991-ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ അമേരിക്ക റഷ്യയെ അപമാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെല്ലാം തന്നെ റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍, ഇത് വളരെ ഗുണപരമായ ഒരു തീരുമാനമായിരുന്നുവെന്നും തദ്ദേശ വ്യവസായങ്ങളും സ്ഥാപനങ്ങളും ഇനി പുഷ്ടിപ്പെടുമെന്നും പുടിന്‍ വ്യക്തമാക്കി.

ഉക്രൈന്‍ അധിനിവേശം റഷ്യയുടെ ചരിത്രത്തിലെ വളരെ നാഴികക്കല്ലായ ഒരു സംഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികള്‍ പോയതില്‍ യാതൊരു ദുഃഖവുമില്ലെന്നും, ഇനിയങ്ങോട്ട് റഷ്യ കൂടുതല്‍ സാങ്കേതികവിദ്യകളും, ലോകോത്തര നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സ്വയം നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.