കേരളത്തില്‍ നാല് കുടുംബങ്ങളില്‍ ഒരു കുടുംബത്തിന് കാര്‍; ഇന്ത്യയില്‍ നൂറില്‍ എട്ടു കുടുംബത്തിന് മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കുടുംബങ്ങളില്‍ 8 ശതമാനം മാത്രമെ കാര്‍ ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം കേരളത്തില്‍ 25 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി വാഹനമുണ്ട്.
സര്‍വെ പ്രകാരം 12 കുടുംബങ്ങളില്‍ 1 കുടുംബത്തിന് മാത്രമെ സ്വന്തമായി കാറുകള്‍ ഉള്ളൂ എന്നാണ് പറയുന്നത്യ എന്നാല്‍ ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഇപ്പോഴും ഇരുചക്രവാഹനങ്ങളുണ്ട്.
55 ശതമാനം ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും സൈക്കിളുണ്ട്. അതേസമയം സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്ളവര്‍ 54 ശതമാനമാണ്. 6,64,972 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണ്ടെത്തലുകള്‍ ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് നടപ്പാക്കിയത്.രാജ്യത്തെ 3.7 ശതമാനം കുടുംബങ്ങള്‍ക്കും മൃഗങ്ങളെ വെച്ച് ഓടിക്കുന്ന വണ്ടികള്‍ സ്വന്തമായുള്ളതായി കണ്ടെത്തി.
അതേസമയം ഏകദേശം 20 ശതമാനം പേര്‍ക്ക് ഗതാഗത മാര്‍ഗ്ഗങ്ങളൊന്നുമില്ല. കാറുകള്‍ കൈവശമുള്ള കുടുംബങ്ങളുടെ എണ്ണത്തില്‍ പ്രാദേശിക അസമത്വമുണ്ടെന്നാണ് സര്‍വെയില്‍ പറയുന്നത്. കുറഞ്ഞ വരുമാനമാണ് പലരിലും കാര്‍ ഇല്ലാതിരിക്കുന്നത് എന്നാണ് അനുമാനം. അതേസമയം വിദഗ്ധര്‍ പറയുന്നത് ഒരു കാര്‍ ഉള്ളത് സമ്ബന്നതയുടെ അടയാളമായി കാണേണ്ടതില്ല എന്നാണ്.
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മലിനീകരണം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കുന്ന സൈക്കിള്‍ യാത്രക്കാരുടെ ആവശ്യങ്ങളും കണക്കിലെടുക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 1990 കള്‍ക്ക് മുമ്ബ്, ഇന്ത്യയില്‍ ഒരു കാര്‍ സ്വന്തമാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വായ്പകള്‍ കുറവായിരുന്നു. ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളും പരിമിതമായിരുന്നു.

1990-കളില്‍ കൊണ്ടുവന്ന സാമ്ബത്തിക പരിഷ്‌കാരങ്ങളുടെ വെളിച്ചത്തില്‍ കാര്‍ ലഭിക്കുന്നതിനുള്ള താരതമ്യേന അനായാസത ഉണ്ടായിരുന്നിട്ടും രാജ്യത്തെ കാര്‍ ഉടമകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് മന്ദഗതിയിലാണ്. 1992-93-ല്‍ നടത്തിയ ആദ്യത്തെ സര്‍വെ അനുസരിച്ച് കഷ്ടിച്ച് 1 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമാണ് കാറുകള്‍ ഉണ്ടായിരുന്നത്. അതേസമയം, മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും 8 ശതമാനം കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു.

1998-99 ആയപ്പോഴേക്കും രണ്ടാം ഘട്ട സര്‍വെ ആയപ്പോള്‍ ഏകദേശം 1.6 ശതമാനം കുടുംബങ്ങള്‍ കാറുകള്‍ സ്വന്തമാക്കി. ഏതാണ്ട് 47.8 ശതമാനം പേര്‍ക്കും സൈക്കിളുകള്‍ ഉണ്ട്. 2005-06 ആയപ്പോഴേക്കും സൈക്കിള്‍ ഉടമകളുടെ എണ്ണം 56.5 ശതമാനമായും കാര്‍ ഉടമകള്‍ക്ക് 2.8 ശതമാനമായും ഉയര്‍ന്നു. അതിനുശേഷം, സൈക്കിള്‍ കൈവശമുള്ള കുടുംബങ്ങളുടെ ശതമാനം 55 ശതമാനമായി തുടരുന്നു. എന്നാല്‍ സ്വന്തമായി കാര്‍ ഉള്ള കുടുംബങ്ങളുടെ എണ്ണം 8 ശതമാനമായി ഉയര്‍ന്നു.
കാര്‍ ഉള്ള കുടുംബങ്ങളുടെ എണ്ണം നഗരങ്ങളില്‍ കൂടുതലാണ്. ഇന്ത്യയിലെ നഗരങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത 14 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായി കാറുകള്‍ ഉണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 4 ശതമാനമാണ്. ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഒരു ഇന്ത്യക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനം 2,000 ഡോളറില്‍ താഴെയാണ്, അതേസമയം ഒരു കാറിന്റെ ഏറ്റവും കുറഞ്ഞ വില ( ഉദാഹരണത്തിന് മാരുതി ആള്‍ട്ടോ പോലെയുള്ള ഒരു ഹാച്ച്ബാക്ക് ) ഏകദേശം 5000-6,000 ഡോളര്‍ വരെ ആണ്.
ഗോവയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കാറുകള്‍ ഉള്ള കുടുംബങ്ങള്‍ ഉള്ളത്. ഗോവയില്‍, രണ്ടില്‍ ഒരാള്‍ക്ക് (46 ശതമാനം) കാറുകള്‍ ഉണ്ട്. അതേസമയം കേരളത്തില്‍ നാലില്‍ ഒരാള്‍ (അല്ലെങ്കില്‍ 26 ശതമാനം) ആണ്. 2020-ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 21 നഗരങ്ങളുടെ ടോംടോം ട്രാഫിക് സൂചികയുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ നഗരങ്ങള്‍ ഇടം നേടിയിരുന്നു.