ലതാ നായര്‍ക്ക് വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം


തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സര്‍വീസ് ഡെലിവറി വിഭാഗം മേധാവിയായ ലതാ നായര്‍ 2022 ലെ വുമണ്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. തൊഴിലിടങ്ങളിലേയും വ്യക്തിഗത മേഖലകളിലേയും സമഗ്ര സംഭാവനകള്‍ പരിഗണിച്ച് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബിഎസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.

മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ നടന്ന മൂന്നാമത് വനിതാ ശാക്തീകരണ ഉച്ചകോടിയിലാണ് പുരസ്ക്കാരം  പ്രഖ്യാപിച്ചത്. ഐബിഎസിലെ വനിതാ ജീവനക്കാര്‍ക്കിടയില്‍ മാര്‍ഗനിര്‍ദേശത്താലും പ്രചോദനകരമായ ദൗത്യങ്ങളാലും ശ്രദ്ധേയായ ലതയുടെ സംഭാവനകളാണ് പുരസ്ക്കാരത്തിന് അര്‍ഹയാക്കിയതെന്ന് വിദഗ്ധ സമിതി വിലയിരുത്തി.

ഐബിഎസ് ഗ്രൂപ്പ് സ്ഥാപിതമായ 1997 ല്‍ തന്നെ ജോലിക്ക് കയറിയ ലതാ നായര്‍ സ്ഥാപനത്തിന്‍റെ ആദ്യ 55 ജീവനക്കാരില്‍ ഒരാളാണ്. നിലവില്‍ ഐബിഎസിലെ വനിതാ ജീവനക്കാരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന ലത 700 ഓളം ഐടി പ്രൊഫഷണലുകളെ നിയന്ത്രിക്കുകയും സങ്കീര്‍ണമായ ഐടി പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ തിരുവനന്തപുരം കേന്ദ്രത്തിന്‍റെ മേധാവി കൂടിയാണ് ലതാ നായര്‍.