കുടുംബശ്രീ കേരള ചിക്കന്‍: 100 കോടി വിറ്റുവരവ്

കേരളത്തിലെ വിവിധ ജില്ലകളില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്.

ഉപയോക്താക്കള്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.

പൊതു വിപണിയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവിലാണ് കേരള ചിക്കന്‍ വില്‍ക്കുന്നത്. 2017 നവംബറിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച്‌ അഞ്ചു വര്‍ഷം പൂര്‍ത്തിയാകും മുമ്ബാണ് 100 കോടി വിറ്റുവരവ് എന്ന നേട്ടം കൈവരിച്ചത്.

വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി ആരംഭിച്ചത്. ബ്രോയിലര്‍ ഫാമുകള്‍ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകള്‍ നടത്തുന്ന വനിതകളും ഉള്‍പ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകര്‍ക്കാണ് ഈ നേട്ടത്തിന്റെ പ്രയോജനം ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 79 ലക്ഷം കിലോ ചിക്കനാണ് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തിയത്.