ബ്രൂണെ ഷെല്‍ പെട്രോളിയവുമായി ഐബിഎസിന് പങ്കാളിത്തം

തിരുവനന്തപുരം: ഐബിഎസിന്‍റെ ക്ലൗഡ് അധിഷ്ഠിത പേഴ്സണല്‍-അക്കൊമഡേഷന്‍ ലോജിസ്റ്റിക്സ് പ്ലാറ്റ് ഫോമായ ഐലോജിസ്റ്റിക്സ് പ്രയോജനപ്പെടുത്താന്‍ ബ്രൂണെ ഷെല്‍ പെട്രോളിയം (ബിഎസ്പി) ഐബിഎസ് സോഫ്റ്റ് വെയറുമായി ധാരണയിലെത്തി.

ദക്ഷിണ ചൈനാ കടലിലെ 200 ലധികം ഓഫ്ഷോര്‍ മേഖലകളിലെ ഹെലികോപ്റ്ററുകള്‍, ബോട്ടുകള്‍, പേഴ്സണല്‍ ഓണ്‍ ബോര്‍ഡ് (പിഒബി) താമസസൗകര്യങ്ങള്‍ എന്നിവയിലൂടെ പ്രതിമാസം 35,000 യാത്രക്കാരുടെ ആദ്യന്തമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ഈ പങ്കാളിത്തം ബിഎസ്പിയെ പ്രാപ്തമാക്കും.

ഐലോജിസ്റ്റിക്സ് ടെക്നോളജി പ്ലാറ്റ് ഫോമിന് ബിഎസ്പിയുടെ സങ്കീര്‍ണമായ പല പ്രവര്‍ത്തനങ്ങളുടെയും സംയോജനം കാര്യക്ഷമമാക്കാനും പ്രവര്‍ത്തനസുരക്ഷ മെച്ചപ്പെടുത്താനും സാധിക്കും. ഐലോജിസ്റ്റിക്സ് ക്ലൗഡ് ടെക്നോളജി ബിഎസ്പിയുടെ ഡിജിറ്റല്‍ മേഖലയിലേക്കുള്ള പ്രയാണത്തെ കൂടുതല്‍ വേഗത്തിലാക്കും. ഇത് ബിസിനസ് മൂല്യം നല്‍കുന്നതിനും ഐടി ചെലവ് കുറയ്ക്കുന്നതിനുമൊപ്പം വിതരണക്കാരുടെയും സേവനദാതാക്കളുടെയും സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കും.

ബ്രൂണെ ഷെല്‍ പെട്രോളിയവുമായുള്ള ഈ പങ്കാളിത്തം ഐബിഎസും ഷെല്ലും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്‍റെ തുടര്‍ച്ചയാണ്. 2021 ല്‍ ഐലോജിസ്റ്റിക്സ് ചെക്ക്-ഇന്‍ ആപ്പിന്‍റെ വിജയകരമായ വിന്യാസം ഉള്‍പ്പെടെ ഷെല്ലിന്‍റെ ലോജിസ്റ്റിക് ടെക്നോളജി നവീകരണങ്ങളില്‍ ഐബിഎസിന്‍റെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ഇതിലൂടെ ആര്‍എഫ്ഐഡി സാങ്കേതികവിദ്യ ഉപയോഗിച്ച് തത്സമയ പേഴ്സണല്‍ ട്രാക്കിംഗ് പ്രാപ്തമാക്കാനായി.

ഓഫ്ഷോര്‍ ലോജിസ്റ്റിക്സ് വെല്ലുവിളികളെ അതിജീവിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ഐബിഎസ്  സോഫ്റ്റ് വെയര്‍ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്‍റ് രമാശങ്കര്‍ ശിവശങ്കരന്‍ നായര്‍ പറഞ്ഞു. ലോജിസ്റ്റിക്സ് ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്തുന്നതിനും ബിസിനസ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഷെല്ലുമായി സഹകരിക്കുന്നതിലും അഭിമാനമുണ്ടെന്നും രമാശങ്കര്‍ പറഞ്ഞു