ആര്‍.ആര്‍.ആര്‍ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച്‌ രാജമൗലി

ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം അഥവാ ആര്‍ആര്‍ആര്‍.

അടുത്തിടെ, ചിത്രം ജപ്പാനിലും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് രാജമൗലി.

ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായന്‍ രാജമൗലി. വിദേശത്ത് ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ വിജയേന്ദ്ര പ്രസാദ് തന്റെ എല്ലാ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കിയിട്ടുണ്ട്. ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങള്‍ കുറച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. അദ്ദേഹമാണ് കഥ വികസിപ്പിക്കുന്നത്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

ആന്ധ്രാപ്രദേശിന്റെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജുവിന്റെയും കോമരം ഭീമിന്റെയും കഥയാണ് എസ് എസ് രാജമൗലി അവതരിപ്പിച്ചത്. രാമരാജു ആയി രാം ചരണ്‍ തേജയും ഭീമായി ജൂനിയര്‍ എന്‍ടിആറും. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ശ്രിയ ശരണ്‍, സമുദ്രക്കനി, ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.