ജെന്‍റോബോട്ടിക്സിന്‍റെ ഹെല്‍ത്ത് കെയര്‍ഗവേഷണ കേന്ദ്രം ടെക്നോസിറ്റിയില്‍

ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ആരംഭിച്ച ഗവേഷണ വികസന കേന്ദ്രം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. കിംസ്‌ഹെല്‍ത്ത് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മേധാവി ഡോ.നിത ജെ., ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ., നിഖില്‍ എന്‍.പി, റാഷിദ് കെ, അരുണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സമീപം


തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ റോബോട്ടിക്സ് ഉത്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം തുറന്നു. ആരോഗ്യ മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ നൂതന സാങ്കേതികവിദ്യ  ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും ഗവേഷണ വികസനത്തിന് ഊന്നല്‍ നല്‍കാനുമാണ് പുതിയ കേന്ദ്രത്തിലൂടെ ജെന്‍റോബോട്ടിക്സ് ലക്ഷ്യമിടുന്നത്. കൂടാതെ ഈ മേഖലയില്‍ നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏറ്റവും വിജയിച്ച കമ്പനികളിലൊന്നാണ് ജെന്‍റോബോട്ടിക്സ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടായ ‘ബന്‍ഡികൂട്ട്’ ഇതില്‍ പ്രധാനപ്പെട്ടതാണ്. മനുഷ്യപ്രയത്നം കുറച്ച് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ബന്‍ഡികൂട്ട് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്.

കിംസ്ഹെല്‍ത്ത് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മേധാവി ഡോ.നിത ജെ., ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ., നിഖില്‍ എന്‍.പി, റാഷിദ് കെ, അരുണ്‍ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജെന്‍റോബോട്ടിക്സ് വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും തിരുവനന്തപുരത്ത് പുതിയ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ തുറക്കുന്നതിലൂടെ വികസനത്തിന്‍റെയും ഗവേഷണത്തിന്‍റെയും മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍  സാധിക്കുമെന്നും ജെന്‍റോബോട്ടിക്സ് സി.ഇ.ഒ. വിമല്‍ ഗോവിന്ദ് എം.കെ പറഞ്ഞു. ഇന്ത്യയിലും യുകെയിലുമായി പുതിയ പദ്ധതികളുമായി കമ്പനി ആഗോള ബിസിനസ് വിപുലീകരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെന്‍റോബോട്ടിക്സ് അടുത്തിടെ പുറത്തിറക്കിയ ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ടിലൂടെ (ജി ഗെയ്റ്റര്‍) പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ വേഗത്തില്‍ രോഗികള്‍ക്ക് സൗഖ്യം നല്‍കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ജി ഗെയ്റ്ററിന്‍റെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള പവേര്‍ഡ് നാച്ചുറല്‍ ഹ്യൂമന്‍ ഗെയ്റ്റ് പാറ്റേണ്‍ മികച്ച കാര്യക്ഷമത നല്‍കമെന്ന്  ഡോ.നിത ജെ. പറഞ്ഞു. രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും സ്ഥിരതയും ഗുണനിലവാരവും വര്‍ധിപ്പിക്കുകയും ഓരോ രോഗിയുടെയും പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി ഗെയ്റ്ററിനു സാധിക്കും. മാത്രമല്ല പ്രൊഫഷണലുകളുടെ സമയം  ലാഭിക്കാനാകുമെന്നും നിത കൂട്ടിച്ചേര്‍ത്തു.