ഖത്തറിന് നഷ്ടം17 ലക്ഷം കോടിയെങ്കില്‍ ഫിഫയ്ക്ക് നേട്ടം 62000 കോടി രൂപ

ദോഹ: ഖത്തറില്‍ നടന്ന ഫിഫ ലോക കപ്പില്‍ ഖത്തറിന് 17 ലക്ഷം കോടി രൂപയാണ് ചെലവെങ്കില്‍ ഫിഫ കൊണ്ടുപോയത് 62000 കോടി രൂപ.
40,000 കോടി രൂപയോളം ലോകകപ്പിന്റെ സംപ്രേഷണാവകാശം വിറ്റതു വഴി കിട്ടിയിട്ടുണ്ട്. 2018ലെയും 2022ലെയും ലോകകപ്പുകളുടെ സംപ്രേഷണാവകാശം 2011ല്‍ തന്നെ ഫിഫ വിറ്റിരുന്നു.
അതായത് ഈ പണമെല്ലാം നേരത്തേ തന്നെ ഫിഫ പോക്കറ്റിലാക്കി കഴിഞ്ഞു. പരസ്യ ഇനത്തില്‍ ഏകദേശം 8000 കോടി രൂപയുടെ വര്‍ധനയാണു ഫിഫയ്ക്ക് ഇത്തവണത്തെ ലോകകപ്പില്‍ അധികമായുണ്ടായത്.
അതാകട്ടെ, ഖത്തറിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ നല്‍കിയ പരസ്യ വരുമാനം മൂലമുണ്ടായ വര്‍ധനയാണ്. ഖത്തര്‍ എയര്‍വേയ്‌സിനു പുറമേ, ഖത്തര്‍ എനര്‍ജി, ഖത്തര്‍ നാഷനല്‍ ബാങ്ക്, ഉറീഡൂ തുടങ്ങിയവരും ലോകകപ്പിനോട് അനുബന്ധിച്ചു ഫിഫയുടെ സ്‌പോണ്‍സര്‍മാരായി. ഖത്തര്‍ ലോകകപ്പിന്റേത് ഉള്‍പ്പെടെ കഴിഞ്ഞ 2 ലോകകപ്പുകളുടെ സംപ്രേഷണാവകാശത്തിന്റെ ഒരു പങ്ക് ഖത്തറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ബീഇന്‍ സ്‌പോര്‍ട്‌സാണു സ്വന്തമാക്കിയത്. ഫലത്തില്‍ സ്റ്റേഡിയം ഉള്‍പ്പെടെ ലോകകപ്പ് ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിച്ചതിനു പുറമേ പരസ്യ ഇനത്തിലും ഖത്തര്‍ ഫിഫയ്ക്കു കോടിക്കണക്കിനു രൂപ നല്‍കിയിട്ടുണ്ട്.
പുതിയ 12 എസി സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പിനു വേണ്ടി മാത്രം പണികഴിപ്പിച്ചത്. അതിന് 48 ബില്ല്യണ്‍ ഡോളര്‍ ചെലവായി. താരങ്ങള്‍ക്കും ആരാധകര്‍ക്കുമായുള്ള സൗകര്യങ്ങളൊരുക്കാന്‍ 77 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 50 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കിയ ഖത്തര്‍ 45 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ ലുസായ് സിറ്റി എന്ന ഒരു പുതിയ പട്ടണവും പടുത്തുയര്‍ത്തി.