അദാനി ഗ്രൂപ്പുകളില്‍ എല്‍.ഐ.സി 300 കോടി രൂപ കൂടി നിക്ഷേപിച്ചു

മുംബൈ: ഓഹരിവിപണിയുമായി ബന്ധപ്പെട്ട എല്ലാ പോര്‍ട്ട്‌ഫോളിയോ കമ്പനികളും അദാനി ഗ്രൂപ്പിനെ നിര്‍ദ്ദേശിക്കാതിരുന്നിട്ടും എല്‍.ഐ.സി അദാനി ഗ്രൂപ്പ് ഓഹരികളില്‍ പണം നിക്ഷേപിച്ചിരുന്നു. ഇപ്പോഴിതാ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്ന് മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളില്‍ പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി പണം നിക്ഷേപിക്കുന്നതു തുടരുന്നു.
മൂന്നു ദിവസം കൊണ്ട് പത്ത് അദാനി ഓഹരികളിലായി അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകര്‍ക്ക് നഷ്ടമായത്. അതേസമയം അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നടിഞ്ഞിട്ടും അദാനി എന്റര്‍പ്രസില്‍ 300 കോടിയുടെ നിക്ഷേപമാണ് ഇന്ന് എല്‍ഐസി നടത്തിയത്. കമ്പനിയില്‍ 4.23 ശതമാനം നിക്ഷേപമാണ് നിലവില്‍ എല്‍ഐസിക്കുള്ളത്.
സെബിയുടെ കണക്ക് പ്രകാരം 28,400 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസിക്കുണ്ടായിരുന്നത്. ഓഹരിവില ഇടിയും മുന്‍പ് ഇതിന് 72,200 കോടി രൂപ മൂല്യമുണ്ടായിരുന്നു. പിന്നീട് ഇത് 55,700 കോടിയായി ഇടിഞ്ഞെങ്കിലും കമ്പനിക്ക് നിക്ഷേപത്തേക്കാള്‍ 27,300 കോടിയുടെ നേട്ടം അദാനി ഓഹരിയിലുണ്ട്. ഇന്ന് അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്ട്‌സ്, അംബുജ സിമെന്‍്‌സ് എന്നീ അദാനി ഓഹരികളാണ് നേട്ടത്തിലുള്ളത്.
അതേസമയം അദാനി ഗ്രീനില്‍ 17%, അദാനി ട്രാന്‍സ്മിഷന്‍ 20% ,അദാനി വില്‍മര്‍ 5% അദാനി പവര്‍, എന്‍ഡിടിവി 5%, എസിസി 17% നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.