ഓഹരിവിപണിയില്‍ നഷ്ടം തുടരുന്നു; അദാനിക്ക് നഷ്ടം അഞ്ച് ലക്ഷം കോടി രൂപ

മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു.

അദാനി ഗ്രീന്‍ എനര്‍ജി(17.35ശതമാനം), അദാനി ട്രാന്‍സ് മിഷന്‍(20ശതമാനം), അദാനി ടോട്ടല്‍ ഗ്യാസ് (20ശതമാനം), അദാനി പവര്‍(5ശതമാനം), എന്‍ഡിടിവി(4.99ശതമാനം), അദാനി വില്‍മര്‍(5ശതമാനം), എസിസി(17.38ശതമാനം) എന്നീ ഓഹരികളാണ് തിങ്കളാഴ്ചയും നഷ്ടത്തിലായത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ് മിഷന്‍ എന്നീ ഓഹരികളില്‍ കനത്ത തകര്‍ച്ച തുടരുകയാണ്.

എന്നാല്‍, രണ്ടു ദിവസത്തെ തിരിച്ചടിയ്ക്കു ശേഷം അദാനി എന്റര്‍പ്രൈസസ്(4.30ശതമാനം), അദാനി പോര്‍ട്‌സ് (1.88ശതമാനം), അംബുജ സിമന്റ്‌സ്(4.23ശതമാനം) എന്നീ ഓഹരികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി.

അദാനി ട്രാന്‍സ്മിഷന്റെയും അദാനി ഗ്രീനിന്റെയും ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. യഥാക്രമം 1,625, 1,202 എന്നീ നിലവാരത്തിലാണ് ഈ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്. ഇതോടെ മൂന്ന് വ്യാപാര ദിനങ്ങളിലായി വിപണി മൂല്യത്തില്‍ 5.17 ലക്ഷം കോടി രൂപയാണ് നഷ്ടമുണ്ടായത്. തിങ്കളാഴ്ച മാത്രം നിക്ഷേപകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെയും.