പത്താന്‍ ആറു ദിവസത്തിനകം നിര്‍മാണ ചെലവിന്റെ ഇരട്ടി വാരി

കൊച്ചി: ജനുവരി 25ന് റിലീസ് ചെയ്ത ഏറെ വിവാദമുണ്ടാക്കിയ ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ അഞ്ച് ദിവസം കൊണ്ട് 314 കോടിയിലധികം വാരി. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനിടയിലാണ് ഓരോ ദിവസവും കളക്ഷന്‍ വര്‍ധിക്കുന്നത്.
ആദ്യ ദിവസം തന്നെ 105.9 കോടി രൂപയുടെ കളക്ഷനായിരുന്നു. രണ്ടാം ദിവസം 70.7 കോടി രൂപ. മൂന്നാം ദിവസം 34.90 കോടി രൂപ. അഞ്ചാം ദിവസം 48.68 കോടി രൂപ.
സിനിമ നിര്‍മിക്കാന്‍ ചെലവായത് 250 കോടി രൂപയായിരുന്നു.
ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റിലേക്ക് കുതിക്കുകയാണ് പഠാന്‍. ആറാം ദിനത്തിലേയ്ക്ക് കടക്കുന്ന ചിത്രം 500 കോടി ക്ലബില്‍ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്. നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്.
2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഉടന്‍ പുറത്തിറങ്ങും.