അദാനി ഗ്രൂപ്പ് ഓഹരികള്‍ താഴോട്ടു തന്നെ

രാജ്യത്തെ ഓഹരിവിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. അദാനി ഗ്രൂപ്പ് ആണ് വിപണിയെ ഉലച്ചത്. മോര്‍ഗന്‍ സ്റ്റാന്‍ലി കാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ (എം എസ് സി ഐ) തങ്ങളുടെ സൂചികകളില്‍ അദാനി ഗ്രൂപ്പ് കമ്ബനികള്‍ക്കുള്ള സ്ഥാനം പുനരവലോകനം ചെയ്യും എന്നു പ്രഖ്യാപിച്ചതാണ് പുതിയ വിഷയം.

രാജ്യാന്തര മൂലധന നിക്ഷേപത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്നതാണ് ഈ സൂചികകള്‍. അവലോകന ഫലം ഇന്നറിയാം. അദാനിയുടെ കമ്ബനികള്‍ക്കു സ്ഥാനം പോകുകയോ കുറയുകയോ ചെയ്താല്‍ ആ ഓഹരികളില്‍ നിന്നു നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. സ്വാഭാവികമായും ഓഹരിവില ഇടിയും.

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കു വില താഴ്ന്നു. അദാനി എന്റര്‍പ്രൈസസ് ഓഹരി 15 ശതമാനം ഇടിഞ്ഞു. മിക്ക ഗ്രൂപ്പ് കമ്ബനി ഓഹരികളും അഞ്ചു മുതല്‍ 10 വരെ ശതമാനം താഴ്ചയിലായി. ആദ്യം നേട്ടത്തിലായിരുന്ന അദാനി വില്‍മറും നഷ്ടത്തിലായി. പിന്നീടു ലാഭത്തിലേക്കു മാറി. ഗ്രൂപ്പ് കമ്ബനികള്‍ തുടക്കത്തിലെ വലിയ നഷ്ടം പിന്നീടു കുറച്ചു.

തുടക്കത്തില്‍ കയറിയ ബാങ്ക് നിഫ്റ്റി പിന്നീടു നഷ്ടത്തിലേക്കു വീണു. പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് കമ്മിന്‍സ് ഓഹരിയെ ഒന്‍പതു ശതമാനം ഉയര്‍ത്തി. കയറ്റുമതിയിലടക്കം കമ്ബനിക്കു വലിയ നേട്ടമുണ്ടായി. പിരമള്‍ ഫാര്‍മയുടെ മൂന്നാം പാദ റിസല്‍ട്ട് അപ്രതീക്ഷിത നഷ്ടം കാണിച്ചതോടെ ഓഹരിവില 10 ശതമാനത്തിലധികം ഇടിഞ്ഞു. പിരമള്‍ എന്റര്‍പ്രൈസസ് നാലു ശതമാനം താഴ്ചയിലാണ്.

ലോക വിപണിയില്‍ സ്വര്‍ണം 1877 ഡോളറിലേക്കു കയറി. കേരളത്തില്‍ പവനു 120 രൂപ വര്‍ധിച്ച്‌ 42,320 രൂപയായി. ഡോളര്‍ ഇന്ന് 15 പൈസ നേട്ടത്തില്‍ 82.65 രൂപയിലെത്തി.