റിസര്‍വ് ബാങ്ക് ഹ്രസ്വകാല പലിശ നിരക്കില്‍ വര്‍ധന; രാജ്യത്ത് പലിശ കൂടും

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കില്‍ 0.25 ശതമാനം വര്‍ധന. ഇതോടെ ആകെ റിപ്പോ നിരക്ക് 6.5 ശതമാനമായി.

റിസര്‍വ് ബാങ്ക് പണനയ സമിതി യോഗത്തിനു പിന്നാലെയാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്.

റീപ്പോ നിരക്ക് വര്‍ധന ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കൂട്ടും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും കൂടുമെങ്കിലും വായ്പാ പലിശ നിരക്കിലുണ്ടാകുന്ന അതേ വര്‍ധന സ്ഥിരനിക്ഷേപ പലിശ നിരക്കില്‍ പ്രതിഫലിക്കുന്നില്ല.

ഒന്‍പത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് തുടര്‍ച്ചയായ ആറാം തവണയാണ്. ആകെ 2.25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 2022 മേയ് മാസത്തില്‍ 0.4 ശതമാനവും ജൂണ്‍, ഓഗസ്റ്റ്, ഒക്‌ടോബര്‍ മാസങ്ങളില്‍ 0.50 ശതമാനവും ഡിസംബറില്‍ 0.35 ശതമാനവുമാണ് കൂട്ടിയത്.

റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായിരിക്കും. (വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ പക്കല്‍ കെട്ടിക്കിടന്നാല്‍ ആര്‍.ബി.ഐ. അതു നിക്ഷേപമായി സ്വീകരിക്കും.

അതിനു ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന പലിശയാണു റിവേഴ്‌സ് റീപ്പോ). 2023-2024 ല്‍ രാജ്യത്തെ പണപ്പെരുപ്പം 5.3 ശതമാനമായിരിക്കുമെന്നാണു റിസര്‍വ് ബാങ്കിന്റെ നിഗമനം. ആദ്യപാദത്തില്‍ അഞ്ചു ശതമാനം നാണ്യപ്പെരുപ്പമാണു പ്രതീക്ഷിക്കുന്നത്.