ടെക്‌നോപാര്‍ക്കിലെ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു

by

in

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ടി സേവന കമ്പനിയായ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു.

10 വര്‍ഷത്തിലേറെയായി ഫുള്‍-സ്റ്റാക്ക് എഞ്ചിനീയറിംഗ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, മെഷീന്‍ ലേണിംഗ്, ഐ.ഒ.ടി, യു.എക്‌സ്/ യു.ഐ ഡിസൈന്‍, ക്ലൗഡ് തുടങ്ങിയ സേവനങ്ങളാണ് പെര്‍ഫോമാറ്റിക്സ് നടത്തിവരുന്നത്. ഏറ്റെടുക്കലിനുശേഷം നിലവിലുള്ള സേവനങ്ങളോടൊപ്പം പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ്, ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ എന്നിവയിലും മറ്റും ഇന്ത്യ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറിലധികം പെര്‍ഫോമാറ്റിക്സ് ജീവനക്കാര്‍ വി റൈസ്‌ന്റെ ഭാഗമാകും. 2020ല്‍ തുടങ്ങിയ വി റൈസില്‍ നിലവില്‍ നാനൂറോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തൊഴില്‍ സംസ്‌കാരം, ജോലി രീതികള്‍ തുടങ്ങിയവയിലെ സമാനതകള്‍ കണക്കിലെടുക്കുമ്പോള്‍ പെര്‍ഫോമാറ്റിക്സ് വ്രിസിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് ഈ ഏറ്റെടുക്കലിലേക്ക് എത്തിയതെന്ന് വി റൈസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മലോയ് റോയ് പറഞ്ഞു.

അതിവേഗ വളര്‍ച്ച കൈവരിക്കുകയും മൂല്യം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു ലോകോത്തര പ്രൊഡക്റ്റ് എഞ്ചിനീയറിംഗ് സ്ഥാപനമായി മാറുക എന്ന പെര്‍ഫോമാറ്റിക്‌സിന്റെ ദീര്‍ഘകാല ലക്ഷ്യ പൂര്‍ത്തീകരണമാണ് ഈ ഏറ്റെടുക്കലിലൂടെ സാധ്യമായതെന്ന് പെര്‍ഫോമാറ്റിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരീഷ് മോഹന്‍ പറഞ്ഞു. ഡിജിറ്റല്‍, ഡാറ്റാ മേഖലയിലുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്, കൂടാതെ ഞങ്ങളുടെ ടീം അംഗങ്ങള്‍ക്ക് വലിയ ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.