ബെയ്‌ലി പാലങ്ങളുടെ നിര്‍മാണം; ജി.ആര്‍.എസ്.ഇയുമായി കെല്‍ ധാരണാപത്രം ഒപ്പിട്ടു

by

in

തിരുവനന്തപുരം: അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണരംഗത്തു പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കമ്പനിയായ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(ജി.ആര്‍.എസ്.ഇ) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (കെല്‍) തമ്മില്‍ വിവിധമേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യന്‍ നാവിക സേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കാണ് ജിആര്‍എസ്ഇ വഹിച്ചുകൊണ്ടിരിക്കുന്നത്. കപ്പലുകള്‍ക്കാവശ്യമായ പ്രീഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബ്രിഡ്ജുകള്‍, വിവിധ ഡെക്ക് മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്ന ജിആര്‍എസ്ഇയുമായി കെല്‍ ഒപ്പുവച്ചിരിക്കുന്ന ധാരണാപത്രം പ്രകാരം കാര്‍ബണ്‍ ഫൈബര്‍ കോമ്പോസിറ്റ് ഉപയോഗിച്ചുകൊണ്ട് ഭാരം കുറഞ്ഞ ബെയിലി പാലങ്ങള്‍ കേരളം നിര്‍മ്മിച്ചുനല്‍കും. ട്രാന്‍സ്‌ഫോര്‍മറുകള്‍, ആള്‍ട്ടര്‍നേറ്ററുകള്‍, സസ്‌പെന്‍ഷന്‍ ബ്രിഡ്ജുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ സ്‌പെസിഫിക്കേഷന്‍ പ്രകാരം നിര്‍മ്മിച്ചുനല്‍കാനും ധാരണയായിട്ടുണ്ട്. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍, ജി.ആര്‍.എസ്.ഇ സി.എം.ഡി പി.ആര്‍ ഹരി, കെല്‍ മാനേജിങ് ഡയരക്ടര്‍ കേണല്‍ ഷാജി എം. വര്‍ഗീസ് (റിട്ട.) എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.