സംസ്ഥാനത്ത് വനിതാ സംരംഭകരുടെ എണ്ണം വര്‍ധിച്ചു

ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ആരംഭിച്ച ഗവേഷണ വികസന കേന്ദ്രം ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. കിംസ്‌ഹെല്‍ത്ത് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മേധാവി ഡോ.നിത ജെ., ജെന്റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ., നിഖില്‍ എന്‍.പി, റാഷിദ് കെ, അരുണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023ന്റെ ആദ്യ പാദത്തില്‍ 233 കടന്നു. വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാമ്പത്തികസാങ്കേതിക സഹായം കെ.എസ് യു.എം നല്‍കുന്നുണ്ട്. വനിതകളെ സംരംഭകത്വത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. പുതിയ ഉൽപന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട 12 ലക്ഷത്തിന്റെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്, നിലവിലെ സംരംഭം വികസിപ്പിക്കുന്നതിനായുള്ള 20 ലക്ഷത്തിന്റെ സ്‌കെയില്‍ അപ്പ് ഗ്രാന്റ് എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വനിതാ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഗ്രാന്റുകളാണ്. ഒരു സംരംഭത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനും പ്രചാരണത്തിനുമായി അഞ്ചു ലക്ഷം വരെ നൽകുന്ന പദ്ധതിയും ഇതിനൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ നൂതന പരിപാടികളിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ 8 കോടി രൂപ നേടിയിരുന്നു. വനിതാ സംരംഭകര്‍ക്ക് മാത്രമായുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മാനേജ്‌മെന്റ് പരിശീലന പരിപാടിയും ശ്രദ്ധേയമാണ്. 26 വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ കഴിഞ്ഞ വര്‍ഷം ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. വനിതാ സംരംഭകരില്‍ 5 ശതമാനം വിദ്യാര്‍ത്ഥിനികളും 95 ശതമാനം പ്രൊഫഷണലുകളുമാണെന്ന പ്രത്യേകതയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെവിന്‍സ്, വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ്, ഷീ ലവ്‌സ് ടെക്, വൈ ഹാക്ക്, വീസ്പാര്‍ക്ക് തുടങ്ങി നിരവധി പരിപാടികള്‍ കെഎസ് യുഎം സംഘടിപ്പിച്ചിരുന്നു. വനിതാ സംരംഭകര്‍ക്കായി ഇന്‍കുബേഷന്‍ കോഹോര്‍ട്ട്, മെന്റര്‍ കണക്റ്റ്, ബൂട്ട്ക്യാമ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും നടത്തുന്നുണ്ട്.